
തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കളെ സൈബർ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാൻ പോറ്റിവളർത്തിയ പോരാളി ഷാജിമാരെ ഇപ്പോൾ തള്ളിപ്പറയുന്നത് തിരഞ്ഞെടുപ്പ് പരാജയം അവരുടെ തലയിൽകെട്ടിവച്ച് മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കൾക്കും രക്ഷപ്പെടാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
എ.കെ.ജി സെന്ററിൽ പ്രവർത്തിക്കുന്ന സി.പി.എം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സി.പി.എം ഇപ്പോൾ വിലയിരുത്തുന്നത്. മടിയിലും ഒക്കത്തുംവച്ച് പാലൂട്ടി വളർത്തിയശേഷമാണ് ഇപ്പോൾ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ അവരുടെ പോരാളി ശ്രീജിത്ത് പണിക്കർക്കെതിരേയും രംഗത്തുവന്നിരിക്കുകയാണ്. പ്രസിഡന്റിനെ വിമർശിച്ചതാണ് അവിടെയും പ്രശ്നം. സി.പി.എമ്മും ബി.ജെ.പിയും വിമർശനങ്ങളെ ഭയക്കുന്ന ഫാസിസ്റ്റ് സംഘടനകളാണ്.