home

തിരുവനന്തപുരം/കാട്ടാക്കട: അമ്മയ്ക്ക് ഉമ്മ കൊടുത്ത് മടങ്ങിവരാമെന്ന് പറഞ്ഞ് കുവൈറ്റിലേക്ക് പോയ അരുൺ ബാബു ഇന്നലെ വീട്ടിൽ മടങ്ങിയെത്തി. മുഖത്ത് ചിരിയില്ലാതെ ചേതനയറ്റ ശരീരമായി. മകന്റെ മരണവാർത്തയറിഞ്ഞ് അമ്മ അജിതകുമാരി നെഞ്ചുപൊട്ടി നിലവിളിച്ചു.

വൈകിട്ട് 4.15 ഓടെയാണ് നെടുമ്പാശേരിയിൽ നിന്ന് പൊലീസ് അകമ്പടിയോടെ വാഹനം നെടുമങ്ങാട് പൂവത്തൂരിൽ എത്തിയത്. അരുണിന്റെ ഭാര്യ വിനീതയുടെ വീട്ടിലേയ്ക്കായിരുന്നു ആദ്യമെത്തിച്ചത്. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗവാർത്ത ഉൾക്കൊള്ളാനാവാതെ കട്ടിലിൽ കരഞ്ഞുതളർന്ന് വിനീത കിടന്നു.

''വളരെ അഭിമാനിയായിരുന്നു ചേട്ടൻ, ആരോടും ഒരു രൂപ പോലും കടം വാങ്ങിയിട്ടില്ല... എന്നൊക്കെ അവ്യക്തമായി പറയുന്നുണ്ട്. അച്ഛന് എന്താണ് സംഭവിച്ചതെന്നോ ഇനി അച്ഛനില്ലെന്നോ അറിയാതെ അമ്മയുടെ ഇടുതുവശത്തായി മൂന്നുവയസുകാരി അമേയ ഉറങ്ങുകയായിരുന്നു. 14 വയസുള്ള അഷ്ടമി കട്ടിലിൽ കമിഴ്ന്നുകിടന്ന് കരയുന്നു. ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ കഷ്ടപ്പെട്ടു.

മന്ത്രി ജി.ആർ.അനിൽ വീട്ടിലെത്തി. സമയം പോകുന്തോറും വീട്ടിലെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 4.15 ഓടെ മൃതദേഹവുമായി ആംബുലൻസ് എത്തി. റോഡിൽ നിന്ന് 50 മീറ്ററോളം മാറിയുള്ള ചെറിയൊരു തടം കടന്നുവേണം വീട്ടിലെത്തേണ്ടത്. മൃതദേഹം പുറത്തെടുത്തതും വീട്ടിൽ നിന്ന് നിലവിളി ഉയർന്നു. മൃതദേഹം കാർ ഷെഡിന് മുമ്പിൽ ഒരുക്കിയിരുന്ന മേശയിൽ കിടത്തി.അരുണിന്റെ ചേതനയറ്റ ശരീരത്തെ കെട്ടിപ്പിടിച്ച് വിനീത അലമുറയിട്ടു.അടുത്ത ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.

4.45 ഓടെ കുര്യാത്തിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വിനീതയും മകളും ബന്ധുക്കളും അന്ത്യയാത്രയിൽ ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ഇരുചക്രവാഹനങ്ങളിൽ അകമ്പടി നൽകി. 5.15 ഓടെ അവസാനമായി അമ്മയെ കാണാൻ ലക്ഷംവീട് കോളനിയിലെ വീട്ടിലെത്തി. അമ്മേ എന്നുവിളിച്ച് വീട്ടിലേക്ക് കയറിയില്ല. ചെറിയ വീടായതിനാൽ സിറ്റൗട്ടോ കാർ ഷെഡ്ഡോ ഇല്ലാത്തതിനാൽ റോഡിന് മദ്ധ്യത്താണ് മൃതദേഹം വയ്ക്കാൻ സൗകര്യമൊരുക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും പൊതുപ്രവർത്തകരും അടക്കം വൻജനാവലി കാത്തുനിപ്പുണ്ടായിരുന്നു. ആംബുലൻസിൽ നിന്നിറക്കിയ മൃതദേഹം ഏറെ പണിപ്പെട്ട് വീടിന് മുമ്പിലിട്ട മേശയിൽ കിടത്തി. അക്ഷരാർത്ഥത്തിൽ ഹൃദയഭേദകമായിരുന്നു പിന്നീടുള്ള രംഗങ്ങൾ. അരുണിനെ അവസാനമായി കാണാൻ ആളുകൾ തിക്കിത്തിരക്കി. ഒടുവിലായി അജിതകുമാരിയും മക്കളും സഹോദരൻ അമൽബാബുവും എത്തി. നിയന്ത്രണം നഷ്ടമായി അജിതകുമാരി അലമുറയിട്ടു.

അന്ത്യവിശ്രമം അച്ഛനും സഹോദരിക്കും അരികെ

അരുണിന്റെ പിതാവ് ബാബു 12 വർഷം മുമ്പും സഹോദരി അർച്ചന അഞ്ചുവർഷം മുമ്പുമാണ് മരിച്ചത്. ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന അർച്ചന ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്. വീടിന് 150 മീറ്റർ അകലത്തായി ബാബുവും അർച്ചനയും ഉറങ്ങുന്നതിന് സമീപത്താണ് അരുണിനും ചിതയൊരുക്കിയത്. സഹോദരൻ അമൽബാബുവും മക്കൾ അഷ്ടമിയും അമേയയും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.

ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അസിസ്റ്റന്റ് കളക്ടർ സാക്ഷി, ആർ.ഡി.ഒ ടി.കെ.വിനീത്, ജി.സ്റ്റീഫൻ എം.എൽ.എ, എ.എ.റഹീം എം.പി, കെ.എസ്.ശബരീനാഥൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസി‌ഡന്റ് സി.ശിവൻകുട്ടി, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, അഡ്വ. വിതുര ശശി, ജലീൽ മുഹമ്മദ്, കാട്ടാക്കട ഡി.വൈ.എസ്.പി സി.ജയകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ലളിത, തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, ഉഴമലയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശേഖരൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി മുളയറ രതീഷ്, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് ഉവൈസ് ഖാൻ, സി.പി.എം.വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കണ്ണൻ എസ്.ലാൽ, എ.എം.ഷാജി, ടി.സുനിൽകുമാർ, എ.റഹിം, നെടുമങ്ങാട് തഹസിൽദാർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

പണിതീരാത്ത വീട്ടിൽ ഇനി അരുണില്ല

എല്ലാവർക്കും അരുണിനെക്കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും പറയാനില്ല. നാട്ടിലെ എല്ലാ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അരുണും അജിത കുമാരിയും. തട്ട് പണിക്കാരനും ഡ്രൈവറുമായ അരുൺബാബു ഉഴമലയ്ക്കൽ പഞ്ചായത്തിലെ താത്‌കാലിക ഡ്രൈവറായിരുന്നു. പ്രാരാബ്ദം കാരണമാണ് വിദേശത്ത് പോയത്. 2010-11ൽ ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് മണ്ണുവീടും പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിവേട്ട എന്ന സ്ഥലത്ത് വീട് നൽകി. എന്നാൽ കോൺക്രീറ്റ് കഴിഞ്ഞതോടെ പണി നിലച്ചു. പൂർത്തിയാകാത്ത വീട്ടിൽതന്നെ അരുൺബാബു ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മൂന്നുവർഷം താമസിച്ചു. പിന്നീടാണ് പൂവത്തൂരിലെ ഭാര്യവീട്ടിലേക്ക് മാറിയത്. കടക്കെണിയിലായ അരുൺബാബു എട്ട് വർഷമാണ് കുവൈറ്റിൽ കഴിഞ്ഞത്. തുടർന്ന് കൊവിഡ് സമയത്ത് തിരികെ വന്നു. ബാദ്ധ്യതകളെല്ലാം തീർത്ത് എട്ടുമാസം മുൻപാണ് കുവൈറ്റിൽ തിരികെ എത്തിയത്. മകനെയോർത്ത് അജിതകുമാരി എപ്പോഴും അഭിമാനിച്ചിരുന്നു.