
തിരുവനന്തപുരം: കാപ്പ കഴിഞ്ഞിറങ്ങിയയാളുടെ കാല് തല്ലിയൊടിച്ച സംഭവത്തിൽ അഞ്ചുപേരെ വഞ്ചിയൂർ പൊലീസ് അറസ്റ്രുചെയ്തു. പല്ലൻ സജി എന്ന സജീവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. പേട്ട മോസ്‌ക് ലൈൻ സ്വദേശികളായ തക്കുടു എന്ന ബിജിത്ത് (28), ബിവിക്ക് (30), കൈതമുക്ക് സ്വദേശികളായ അരുൺ (28), ശരുൺ (30), കരിക്കകം സ്വദേശി സുചിൻ ചന്ദ് (28) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഒന്നാം പ്രതി ബിജിത്ത് വാട്സാപ്പിൽ ഇട്ട സ്റ്റാസിനെ സജീവ് പരിഹസിച്ചതാണ് തർക്കങ്ങളുടെ തുടക്കം. തുടർന്ന് അധിക്ഷേപ്പിക്കലും തെറിവിളിയുമായി. ഇതിൽ പ്രകോപിതരായ പ്രതികൾ സംഘം ചേർന്ന് സജീവിനെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. തുടർന്ന് വഞ്ചിയൂർ ക്ഷേത്രത്തിന് സമീപത്ത് വച്ച് സജീവിനെ പ്രതികൾ തടഞ്ഞു നിറുത്തി കാറിൽ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത ഇടത്ത് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് സജീവിന്റെ ഇരുകാലുകളും അടിച്ചൊടിച്ചു. സജീവന്റെ മുഖത്തും കൈയ്ക്കും പരിക്കേറ്റു.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണം
ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങൾ തലപൊക്കുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണമാണ് തലസ്ഥാനത്ത് നടക്കുന്നത്. രണ്ട് ആക്രമണങ്ങൾക്കും പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ്. രണ്ട് ദിവസം മുൻപാണ് വിയൂർ ജയിലിൽ കഴിയുന്ന ശ്രീജിത്ത് ഉണ്ണിയെന്ന പ്രതിക്ക് മയക്കുമരുന്നു വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് പൂജപ്പുരയിൽ ക്രിമിനൽ കേസുകളിലെ പ്രതിയായ തൃക്കണ്ണാപുരം ടാഗോർറോഡ് ഇടക പള്ളിക്ക് സമീപം ശ്രീവിനായകം വീട്ടിൽ വിവേക് വസന്തനെ വീടു കയറി വെട്ടിയത്. ഗുണ്ടാ സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയെന്ന് പൊലീസ് പറയുമ്പോഴും തലസ്ഥാനത്ത് തുടരെയുണ്ടാകുന്ന ആക്രമണങ്ങൾ ക്രമസമാധനാത്തെ താളെ തെറ്റിക്കുന്നുണ്ട്.