പോത്തൻകോട്: കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് സംഭവത്തിൽ കൂടുതൽ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്തതായി കണ്ടെത്തി. മരിച്ച കൂടുതൽ ആൾക്കാരുടെ അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും മരണപ്പെട്ടതായ ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്നും 6,70,000വും ജമീലാ ബീഗത്തിന്റെ അക്കൗണ്ടിൽ നിന്ന് 3 ലക്ഷവും സുകുമാരന്റെ അക്കൗണ്ടിൽ നിന്ന് 2,90,000വും ഉൾപ്പെടെ 15,10,000 രൂപയാണ് തട്ടിയെടുത്തത്. പരിശോധന വരും ദിവസങ്ങളിലും തുടരും.
ഗോപിനാഥൻ നായരുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് MA 5019651 മുതൽ MA 5019660 വരെയുള്ള 10 വ്യാജ ചെക്ക് ലീഫുകൾ ഉപയോഗിച്ച് ഏപ്രിൽ രണ്ടാം തീയതി മുതൽ പലതവണകളായി തുക പിൻവലിച്ചു. ജമീല ബീഗത്തിന്റെ അക്കൗണ്ടിൽ നിന്ന് മേയ് 15 മുതൽ പല തവണകളായി 3 ലക്ഷം രൂപയും സുകുമാരൻ നായരുടെ അക്കൗണ്ടിൽ നിന്ന് MA 5019811 മുതൽ MA 5019820 വരെയുള്ള വ്യാജ ചെക്ക് ലീഫ് ഉപയോഗിച്ച് ഏപ്രിൽ 5 മുതൽ പല തവണകളായി 2,90,000 രൂപയും തട്ടിയെടുത്തതായി ജില്ലാ ട്രഷറി ഓഫീസർ കഴക്കൂട്ടം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ സസ്പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുതിയ ചെക്ക് ബുക്കുകൾ വ്യാജമായി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണം തട്ടിയത്. തെളിവുകൾ ശേഖരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ ജില്ലാ ട്രഷറി ഓഫീസർക്ക് കഴക്കൂട്ടം പൊലീസ് നോട്ടീസ് നൽകി. രണ്ട് കേസുകൾ കൂടി കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്തു. മോഹനകുമാരിക്ക് പുറമേ ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്.