
അയൽ സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വമ്പൻ നിർമ്മാണ ശാലകളും ഭീമൻ ഫാക്ടറികളുമൊന്നും കേരളത്തിൽ ഇല്ല. വ്യവസായ, കാർഷിക മേഖലകളിൽ കേരളം വളരെ പിന്നിലാണ്. സംസ്ഥാനത്തിന്റെ റവന്യു വരുമാനവും സാമ്പത്തിക നിലയും പറയത്തക്ക മെച്ചമല്ലെന്നല്ല, മോശം അവസ്ഥയിലാണ്. എന്നാൽ ദശാബ്ദങ്ങളായി കേരളത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും നയിക്കുന്നത് ഉന്നത നിലവാരമുള്ള ജീവിതമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന കാറുകളും മറ്റ് ബ്രാൻഡഡ് സാധനങ്ങളും ഏറ്റവും കൂടുതൽ വാങ്ങുന്നത് കേരളത്തിലുള്ളവരാണ്. ഇടത്തരക്കാരുടെ വീടുകളിൽപ്പോലും ഇപ്പോൾ ഒന്നിലധികം കാറുകൾ കാണാനാകും. വസ്‌ത്രത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമൊക്കെ നല്ല രീതിയിൽ പണം ഇവിടെയുള്ളവർ ചെലവഴിക്കുകയും ചെയ്യുന്നു.
മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോഴും പട്ടണങ്ങളിലും നഗരങ്ങളിലും മാത്രമാണ് വലിയ സമ്പന്ന ഗൃഹങ്ങൾ കാണാനാകുക.
കേരളത്തിൽ എവിടെ സഞ്ചരിച്ചാലും ഒന്നാന്തരം വീടുകളുടെ നിരകൾ തന്നെ കാണാം. ഇതൊക്കെ സാദ്ധ്യമായത് നാട്ടിൽ നിന്ന് ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും പോയി പ്രവാസ ജീവിതം നയിക്കുന്നവർ അയച്ച പണത്തിന്റെ കനം കൊണ്ടുതന്നെയാണ്. പ്രവാസി മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം ഇരട്ടിയിലേറെ വർദ്ധിച്ചതായി കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത് ശുഭപ്രതീക്ഷകൾക്ക് ഇടനൽകുന്നു. കൊവിഡ് കാലഘട്ടത്തിനു ശേഷമാണ് അയയ്ക്കുന്ന പണത്തിന്റെ അളവിൽ വലിയ കുതിച്ചുചാട്ടമുണ്ടായത്. 2018-ൽ 85,092 കോടിയാണ് അയച്ചിരുന്നതെങ്കിൽ 2023-ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു. നേരത്തേ, ശരാശരി മലയാളി ഒരു വർഷം 96,185 രൂപ അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അയയ്ക്കുന്നത് 2.23 ലക്ഷം രൂപയാണ്!
മലപ്പുറത്താണ് പ്രവാസികൾ കൂടുതലെങ്കിലും പണം അയയ്ക്കുന്നതിൽ മുന്നിൽ കൊല്ലം ജില്ലയിലുള്ളവരാണ്. മൊത്തം അയയ്ക്കുന്ന പണത്തിന്റെ 17.8 ശതമാനം കൊല്ലം ജില്ലയ്ക്കു ലഭിക്കുമ്പോൾ 16.2 ശതമാനമാണ് മലപ്പുറത്തിനുള്ളത്. സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതനുസരിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റും സംയുക്തമായാണ് സർവേ നടത്തിയത്. ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. പ്രവാസികളുടെ പണത്തിന്റെ 15.8 ശതമാനവും നാട്ടിൽ ഭവന നിർമ്മാണത്തിനായാണ് വിനിയോഗിക്കുന്നത്. ഒരു പുതിയ വീട് എന്നത് സ്വപ്നം പോലും കാണാൻ പറ്റാത്ത സാമ്പത്തികസ്ഥിതി മാത്രമുണ്ടായിരുന്ന പലർക്കും സ്വന്തം വീട് എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് മലയാളികളുടെ പ്രവാസ ജീവിതം മൂലമാണ്.
വീടുവയ്ക്കാൻ പണം ചെലവാക്കുമ്പോൾ കൂലിയായും മറ്റ് സാധനങ്ങളുടെ വാങ്ങലിനായും മറ്റും ആ പണം സംസ്ഥാനത്ത് ചെലവഴിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് നാട്ടിൽത്തന്നെ ഒട്ടേറെപ്പേർക്ക് വരുമാനമായി മാറുന്നു. 14 ശതമാനം വായ്‌പ തിരിച്ചടയ്ക്കാനും 10 ശതമാനം വിദ്യാഭ്യാസ ചെലവുകൾക്കായും വിനിയോഗിക്കുന്നു. പ്രവാസി ക്ഷേമത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും മറ്റും ഈ റിപ്പോർട്ട് ഉപകരിക്കപ്പെടും. അതുപോലെ വ്യവസായങ്ങളും വാണിജ്യ കെട്ടിടങ്ങളും മറ്റും നിർമ്മിക്കാൻ തയ്യാറാകുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത ഇപ്പോഴും ഉദ്യോഗസ്ഥ ഭരണ തലത്തിൽ നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതാണ്. 1988-ൽ 14 ലക്ഷം പേരായിരുന്നു പ്രവാസികൾ. 2023-ൽ അത് 22 ലക്ഷമായി ഉയർന്നത് സംസ്ഥാനത്തിന്റെ പുരോഗതിക്ക് കൂടുതൽ ആക്കം കൂട്ടാൻ ഇടയാക്കുമെന്നും കരുതാം.