1

തിരുവനന്തപുരം: സ്‌മാർട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് നവീകരണം തുടരുന്നതിനിടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ (സി.ആർ.ഐ.പി) ​ഭാഗമായി നഗരത്തിലെ 35 റോഡുകൾ കൂടി നവീകരിക്കും. കേരള റോ‌ഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) നേതൃത്വത്തിലാണിത്.ആദ്യഘട്ടത്തിൽ 42.06 കിലോമീറ്റർ റോഡുകളാണ് നവീകരിച്ചത്.അറ്റകുറ്റപ്പണി ചെയ്യാനായി കണ്ടെത്തിയിരിക്കുന്ന റോഡുകളെല്ലാം പൂർണമായും തകർന്ന അവസ്ഥയിലാണ്.പൊതുമരാമത്ത് വകുപ്പിന്റെയും കെ.ആർ.എഫ്.ബിയുടെയും എൻജിനിയർമാർ ചേർന്നാണ് നവീകരിക്കേണ്ട റോഡുകൾ കണ്ടെത്തിയത്.

 വീതി കൂട്ടും, ഓടകളും നിർമ്മിക്കും

നവീകരണത്തിൽ റോഡ് വീതി കൂട്ടുന്നതും ഓടകൾ നിർമ്മിക്കുന്നതുമടക്കമുള്ളവ ഉൾപ്പെടുത്തിയിട്ടുണ്ട്. മണക്കാട് - ആറ്റുകാൽ റോഡ് 10 മീറ്റർ വീതിയിൽ നവീകരിക്കും.നടപ്പാതയും ഓടയും നിർമ്മിക്കും. അമ്പലമുക്ക് - പരുത്തിപ്പാറ റോഡ് 14 മീറ്ററിലാണ് നവീകരിക്കുക. ഡി.പി.ഐ - വഴുതക്കാട് വിമെൻസ് കോളേജ്)​ റോഡ് 8 മീറ്ററിലും വഴുതക്കാട് - ജഗതി റോ‌ഡ് 14 മീറ്ററിലുമാണ് നവീകരിക്കുക. ജവഹർനഗർ റോഡും പി.എം.ജി - നന്തൻകോട് - വൈ.എം.ആർ - കുറവൻകോണം റോഡും 12 മീറ്ററിൽ വീതമാണ് നവീകരിക്കുക.റോഡ് നിർമ്മിച്ചുകഴിഞ്ഞ ശേഷം ജല അതോറിട്ടിയുടെ പൈപ്പ് ലൈനുകളും മറ്റ് കേബിളുകളും അറ്റകുറ്റപ്പണി ചെയ്യുന്നതിനായി റോ‌ഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ യൂട്ടിലിറ്റി കോറിഡോർ സ്ഥാപിക്കും.

 നവീകരിക്കുന്ന പ്രധാന റോഡുകൾ ( ബ്രായ്ക്കറ്റിൽ ദൂരം കിലോമീറ്ററിൽ)​

  1. അമ്പലമുക്ക് - പരുത്തിപ്പാറ (2.21)​
  2. മണക്കാട് -ആറ്റുകാൽ -കാലടി (2.30)​
  3. ഡി.പി.ഐ - വഴുതക്കാട് വിമെൻസ് കോളേജ് (0.64)​
  4. വഴുതക്കാട് - ജഗതി (0.90)​
  5. ജവഹർ നഗർ (2.90)​
  6. പി.എം.ജി - നന്തൻകോട്- വൈ.എം.ആർ -കുറവൻകോണം (2)​
  7. പേരൂർക്കട - മണ്ണന്തല (5.70)​
  8. വഴയില - പള്ളിമുക്ക് -മുക്കോല (3.50)​
  9. മരുതൂർ -വയലിക്കട -പറമ്പുക്കോണം (6.70)​
  10. പള്ളിമുക്ക് - മെഡിക്കൽ കോളേജ് (4.50)​
  11. ആക്കുളം -ശ്രീകാര്യം (3.50)​
  12. ഉള്ളൂർ - ആക്കുളം (4.90)​
  13. ഓൾ സെയിന്റ്സ് - വേളി- കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ (4)​
  14. പൊട്ടക്കുഴി - ഗൗരീശപട്ടം - പാറ്റൂർ - കണ്ണമ്മൂല (3)​
  15. ശ്രീകാര്യം - പോത്തൻകോട് (9.6)​
  16. ശ്രീകാര്യം - കാട്ടായിക്കോണം (7.40)​
  17. ചാവടിമുക്ക് - സി.ഇ.ടി ബൈപാസ് - സ്റ്രേഷൻ കടവ് (4.8)​
  18. ഐരാണിമുട്ടം - കിള്ളിപ്പാലം (2.25)​
  19. പൂജപ്പുര - മുടവൻമുഗൾ - പുന്നയ്ക്കാമുഗൾ (3.4)​
  20. കേശവദാസപുരം - മണ്ണന്തല (4)​

 എം.ജി.രാധാകൃഷ്ണൻ റോഡ് ടാറിംഗ് ബുധനാഴ്ച
സ്മാർട്ട് സിറ്റിയുടെ ഭാഗമായി നവീകരിക്കുന്ന മോഡൽ സ്കൂൾ ജംഗ്ഷൻ മുതൽ ശാസ്താക്ഷേത്രം വരെയുള്ള എം.ജി.രാധാകൃഷ്ണൻ റോഡിന്റെ ടാറിംഗ് ബുധനാഴ്ച നടക്കും. ഈ റോഡിൽ മെറ്റൽ വിരിച്ചു.ആദ്യ​ഘട്ട ടാറിംഗിന് ശേഷം വ്യാഴാഴ്ചയോടെ റോഡ് ഗതാഗതത്തിനായി തുറന്നു നൽകുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ പറഞ്ഞു. രണ്ടാഘട്ട ടാറിംഗ് പിന്നീടായിരിക്കും.പദ്ധതിയിൽ ശേഷിച്ച ആറ് റോഡുകളുടെ പണി പൂർത്തിയാക്കാൻ സർക്കാർ ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്.

ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡും അടുത്ത ആഴ്ചയോടെ ടാർ ചെയ്യും.ആശുപത്രി മുതൽ മുക്കട വരെ ടാർ ചെയ്തിരുന്നു. ബാക്കി ഭാഗത്ത് മെറ്റൽ വിരിച്ചു.ഈ രണ്ട് റോഡുകളും 20നകം തുറന്നുനൽകാനാണ് തീരുമാനം.ഓവർബ്രിഡ്ജ് - ഉപ്പിടാംമൂട് പാലം,​ ബേക്കറി - ഫോറസ്റ്റ് ഓഫീസ് റോഡുകൾ ഈ മാസം അവസാനം മാത്രമേ ഗതാഗതയോഗ്യമാകൂ. ഓട നിർമ്മാണമുൾപ്പെടെ പൂർത്തിയാകാനുണ്ട്. ബേക്കറി - ഫോറസ്റ്റ് ഓഫീസ് റോഡ് ഗതാഗതം പൂർണമായി നിലച്ച അവസ്ഥയിലാണ്. മാൻഹോളുകളുടെയും കൾവെർട്ടുകളുടെയും പണി നടന്നുവരികയാണ്.