
സൂപ്പർ സ്റ്റാർ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന കൂലി എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്നു. രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രത്തിൽ അമീർ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. വിക്രം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ അവസാനം ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനം. ജൂൺ 6 ന് ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. പക്കാ മാസ് ആക്ഷൻ ചിത്രമായ കൂലിയിൽ സത്യരാജ്, ശ്രുതി ഹാസൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേ സമയം വേട്ടയൻ ഒക്ടോബറിൽ തിയേറ്ററിൽ എത്തും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ഭഗുബട്ടിയും സുപ്രധാന വേഷത്തിലാണ് എത്തുന്നത്. റിതിക സിംഗ്, ദുഷാര വിജയൻ, കിഷോർ, ജി.എം. സുന്ദർ, രോഹിണി, അഭിരാമി, രമേഷ് തിലക്, സാബുമോൻ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം ലൈക പ്രൊഡക്ഷൻ ആണ് വേട്ടയൻ നിർമ്മിക്കുന്നത്.