
തിരുവനന്തപുരം: ജെ.ഡി.എസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കാൻ സി.പി.എമ്മിനും പിണറായി വിജയനും മാത്രമേ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൻ.ഡി.എ മുന്നണിയുടെ ഭാഗമായി ദേശീയ അദ്ധ്യക്ഷൻ കേന്ദ്രമന്ത്രിയായി ഇരിക്കുമ്പോഴാണ് എൽ.ഡി.എഫിന്റെ ഭാഗമായി കേരള മന്ത്രിസഭയിലും പ്രാതിനിധ്യമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്തംബറിലാണ് ജെ.ഡി.എസ് എൻ.ഡി.എയിൽ ചേർന്നത്. അന്ന് മുതൽ ഇന്ന് വരെ മുഖ്യമന്ത്രിയോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച്.ഡി കുമാരസ്വാമി എൻ.ഡി.എ പാളയത്തിൽ നിന്നും കേന്ദ്ര മന്ത്രിയായത്. എൻ.ഡി.എ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോൺഗ്രസിനേയും യു.ഡി.എഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ട. എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എൽ.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും തയാറാവണമെന്നും സതീശൻ പറഞ്ഞു.