
വർക്കല: വർക്കല ഫോർമേഷന്റെ ഭാഗമായ പാപനാശം വെറ്റക്കടയിൽ വീണ്ടും കുന്നിടിഞ്ഞു. ഇടവ ശ്രിയേറ്റിനും വെറ്റക്കടയ്ക്കും ഇടയിലുള്ള വലിയമലപ്പുറത്തെ കുന്നിന്റെ വലിയൊരു ഭാഗമാണ് കഴിഞ്ഞദിവസം ഇടിഞ്ഞത്.മലയുടെ കൂറ്റൻ കഷണങ്ങൾ അടർന്ന് 30അടിയോളം താഴ്ചയിലേക്ക് വീണു.മേയ് 29നും ഈ ഭാഗത്ത് കുന്നിടിഞ്ഞിരുന്നു.ഇതിന് സമീപം വിള്ളലുകൾ വീണ് കുന്ന് അപകടാവസ്ഥയിലായിരുന്നു. ഈ ഭാഗമാണ് വീണ്ടും ഇടിഞ്ഞത്.
പ്രദേശത്ത് ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കുകയും ഗതാഗതം വിലക്കുകയും ചെയ്തു.പഞ്ചായത്ത്,റവന്യു അധികൃതർ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.വർക്കല ക്ലിഫിൽ നിന്ന് ആറു കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.ആലിയിറക്കം,പാപനാശം,വെറ്റക്കട എന്നിവിടങ്ങളിലായി പത്തോളം ഭാഗത്തെ കുന്നുകളാണ് ഈ മഴക്കാലത്ത് ഇടിഞ്ഞത്.
ക്യാപ്ഷൻ: വെറ്റക്കട വലിയമലപ്പുറത്തെ കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ നിലയിൽ