തിരുവനന്തപുരം : വാടക വീട് ഒഴിയാൻ ആവശ്യപ്പെട്ട വീട്ടുടമയായ വയോധികനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചുകൊന്ന പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനനാണ് പ്രതിയെ ശിക്ഷിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട മലയിൻകീഴ് തിരുമല പുത്തൻകാവ്, കക്കോട്ടുകോണം കുളത്തിൻകര പുത്തൻ വീട്ടിൽ മാടൻ വിനേഷ് എന്ന വിനേഷാണ് പ്രതി. മലയിൻകീഴ് വിളവൂർക്കൽ കവലോട്ടുകോണം ഉദയഭവനിൽ കൃഷ്ണൻ കുട്ടിയെയാണ് തലയ്ക്കടിച്ച് കൊന്നത്.ഓരോ കൊലപാതകവും നമ്മുടെ സംസ്‌കാരത്തിന്റെ ഹൃദയത്തിലേൽപ്പിക്കുന്ന മുറിവാണെന്ന് കോടതി വിലയിരുത്തി.
കൃഷ്ണൻകുട്ടിയുടെ വീട്ടിലെ വാടകക്കാരനായിരുന്നു പ്രതി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതി വീട് മാറി കൊടുത്തിരുന്നില്ല. നിരന്തരം കൃഷ്ണൻകുട്ടി വീട് മാറണമെന്ന ആവശ്യവുമായി പ്രതിയെ സമീപിച്ചതാണ് പ്രകോപനത്തിന് കാരണം. 2012 ഡിസംബർ 13 ന് വൈകുന്നേരം 5.30 നാണ് കൃഷ്ണൻകുട്ടി ആക്രമിക്കപ്പെട്ടത്. ഒൻപത് ദിവസത്തെ ചികിത്സയക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. പിഴത്തുക കൃഷ്ണൻകുട്ടിയുടെ മകൻ ഉദയകുമാറിന് നൽകണം. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. പ്രവീൺ കുമാർ ഹാജരായി.