തിരുവനന്തപുരം: കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത് കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എൻ.എച്ച് 66ൽ മീഡിയനിൽ ഇരുമ്പുവേലി (പെഡസ്ട്രിയൻ ബാരിക്കേഡുകൾ) സ്ഥാപിച്ചുതുടങ്ങി.
ബൈപ്പാസിൽ കാൽനട യാത്രക്കാർ പെട്ടെന്നായിരിക്കും റോഡ് മുറിച്ച് കടക്കുന്നത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇതു കാണാറില്ല. ശ്രദ്ധിക്കുന്നവർക്ക് പെട്ടെന്ന് വാഹനം നിയന്ത്രിക്കാനും കഴിയാറില്ല. അതാണ് മിക്ക അപകടങ്ങൾക്കും കാരണം.
മിഡിയനുകളിൽ മിക്കയിടത്തും ചെടിയും ചെറിയ മരങ്ങളുമുണ്ട്. ഇവിടെ നിന്നിട്ട് പെട്ടെന്ന് റോഡ് മുറിച്ച് കടക്കാനാണ് ശ്രമിക്കുന്നത്. ഇത് രാത്രിയിലാണെങ്കിൽ വാഹനം ഓടിക്കുന്നവരുടെ കണ്ണിൽപ്പെടുകയുമില്ല.
ഇങ്ങനെയുണ്ടായ അപകടങ്ങളുടെ എണ്ണം,റോഡ് മുറിച്ചു കടക്കൽ കൂടുതലായി നടക്കുന്ന സ്ഥലം എന്നിവ വിലയിരുത്തിയ ശേഷമാണ് ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയാണെന്ന് ദേശീയപാത അതോറിട്ടി അധികൃതർ കണ്ടെത്തിയത്.അപകടങ്ങൾ കൂടുതലായുണ്ടാകുന്ന ഭാഗങ്ങളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു.
ബൈപ്പാസിൽ മുറിച്ചുകടക്കൽ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഒഴികെ എല്ലായിടത്തും ബാരിക്കേഡുകൾ ഘടിപ്പിക്കും. ദേശീയപാതയിൽ നിർമ്മാണവും മെയിന്റനൻസും നടത്തുന്നതിന് കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനികളാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്.
ആറ് മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കും. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനും നിലനിറുത്തുന്നതിനും അഞ്ച് വർഷത്തേക്കാണ് കരാർ നൽകിയിരിക്കുന്നത്. അണ്ടർപാസിലൂടെയും സീബ്രാലൈനുകളിലൂടെയും മാത്രമേ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനാവൂ. തിരക്ക് കൂടുതലുള്ള ഭാഗങ്ങളിൽ ഫുട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ട്.
ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്
കോവളം - കഴക്കൂട്ടം പാതയിൽ ഈഞ്ചയ്ക്കൽ,മുട്ടത്തറ,പരുത്തിക്കുഴി ഭാഗത്ത്
മൂന്ന് മാസം, 12 അപകടങ്ങൾ
ഈഞ്ചയ്ക്കൽ, മുട്ടത്തറ, പരുത്തിക്കുഴി ഭാഗത്താണ് റോഡപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് 12 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഈഞ്ചയ്ക്കൽ സിഗ്നലിൽ പച്ച ലൈറ്റിനു വേണ്ടി കാത്തുനിൽക്കുന്ന വാഹനങ്ങൾ മിക്കതും സിഗ്നൽ ലഭിച്ചു കഴിഞ്ഞാൽ വേഗത്തിലാണ് മുന്നോട്ടെടുക്കുന്നത്. കോവളം ഭാഗത്തേക്കു വരുമ്പോൾ മുട്ടത്തറ ഓവർപാസിലൂടെ കയറിവരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കുന്നവർ പെട്ടുപോകാറുണ്ട്. പെട്രോൾ വാങ്ങാനാണ് ഈ ഭാഗത്ത് കൂടുതൽ പേരും റോഡ് മുറിച്ചു കടക്കുന്നത്.