ഇരിങ്ങാലക്കുട : വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന അഗ്‌നീര എന്ന സ്ഥാപനത്തിനെതിരെയാണ് ഇരിങ്ങാലക്കുട പൊലീസിൽ പരാതി. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വർക്ക് പെർമിറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് യുവതി നടത്തിയിരിക്കുന്നത്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നും 28 പരാതിയോളം ഇരിങ്ങാലക്കുട പൊലീസിൽ ലഭിച്ചിട്ടുണ്ട്. അന്തിക്കാട് അഞ്ചാങ്ങാടി സ്വദേശിയിൽ നിന്ന് സ്വീഡനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. ആകാശ് എന്ന യുവാവിന് മാസം ഒന്നര ലക്ഷം രൂപ വേതനം ലഭിക്കുന്ന വർക്ക് വിസയ്ക്ക് നാലര ലക്ഷം രൂപ ആവശ്യപ്പെടുകയും പേപ്പർ വർക്കുകൾക്കായി ഉടൻ ഒരു ലക്ഷം രൂപ നൽകണമെന്നാവശ്യപെട്ടായിരുന്നു തട്ടിപ്പ്. നവബറിൽ തുക നൽകിയെങ്കിലും വിസയുടെ കാര്യത്തിൽ പിന്നീട് ഒരു നടപടിയുമുണ്ടായില്ല. യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിസ ശരിയായില്ലെന്നും കഴിഞ്ഞ ജൂൺ അഞ്ചിന് പണം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസംമുതൽ യുവതിയുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. സ്ഥാപനത്തിലെത്തിയെങ്കിലും സ്ഥാപനവും അടച്ചുപൂട്ടിയ നിലയിലാണ്. തുടർന്ന് യുവാവ് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയത്. വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കാറളം കിഴുത്താണി സ്വദേശികളായ നിഷ, ഭർത്താവ് സുനിൽകുമാർ എന്നിവർക്കെതിരെയാണ് തട്ടിപ്പിന് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. കാട്ടൂർ മുനയം സ്വദേശിയായ യുവതി നൽകി പരാതിയിലാണ് നടപടി. യുവതിയിൽ നിന്ന് യു.കെയിലേക്ക് കെയർ വിസ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെടുതെന്നാണ് പരാതി. പൊലീസിൽ തട്ടിപ്പിനിരയായവർ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തട്ടിപ്പിന്റെ വാർത്ത മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതേത്തടർന്നാണ് പൊലീസ് കേസെടുത്തത്.