
പാണത്തൂർ: റാണിപുരം വനമേഖലയിൽ നിന്നും അഞ്ചംഗ നായാട്ട് സംഘത്തെ വനംവകുപ്പ് പിടികൂടി. 'ക്ലീൻ പനത്തടി ഓപ്പറേഷൻ' പ്രകാരം ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ റെയ്ഡിലാണ് കോളിച്ചാൽ പുത്തൻപുരയിൽ ജെന്റിൽ ജോർജ് (35), കോളിച്ചാൽ പുന്നത്താനത്ത് അജു മാത്യു (35), പനത്തടി ഞാറക്കാട്ട് ഹൗസിൽ സോണി തോമസ് (53), പനത്തടി പുത്തൻപുരയിൽ ഹൗസിൽ ജോസ് ജോസഫ് (40), തൃശ്ശൂർ കണ്ണാറ മൂപ്പാട്ടിൽ ഹൗസിൽ സ്വദേശി റിച്ചാർഡ് എൽദോസ് (28) എന്നിവർ പിടിയിലായത്. ഇവരിൽ നിന്നും ഒരു തോക്കും ഏഴ് തിരകളും കർണാടക രജിസ്‌ട്രേഷനിലുള്ള 14 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര ഥാർ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേസപ്പ, ഡി.എഫ്.ഒ മാരായ വിഷ്ണു കൃഷ്ണൻ, വി. വിനീത്, ഡി. വിമൽ രാജ്, ജി.എസ് പ്രവീൺകുമാർ, എം.പി അഭിജിത്ത്, ഫോറസ്റ്റ് വാച്ചർ എൻ.കെ സന്തോഷ്, ഡ്രൈവർ ഒ.എ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്.
കാഞ്ഞങ്ങാട് റെയിഞ്ച് പനത്തടി ഫോറസ്റ്റ് സെക്ഷന്റ 'ക്ലീൻ പനത്തടി ഓപ്പറേഷൻ' പരമ്പരകളുടെ ഭാഗമായി ആറാമത്തെ നായാട്ട് സംഘത്തെയാണ് പിടികൂടുന്നത്. ഒരുമാസം മുമ്പ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേസ്സപ്പയുടെ നേതൃത്വത്തിൽ പനത്തടി റിസർവ് വനത്തിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിൽ നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. അന്ന് രണ്ടു തോക്കുകളും ആറ് വെടിയുണ്ടകളും രണ്ട് ടൂവീലർ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. രക്ഷപ്പെട്ട ഒരു പ്രതി ഏതാനും ദിവസങ്ങൾക്ക് മുൻപ് കീഴടങ്ങിയിരുന്നു. ജില്ലയിൽ പുതിയതായി നിയമിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ഉൾപ്പെടുത്തി പെട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്.