തിരുവനന്തപുരം: ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ നടപടിയടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.നിയമപരമായ വിശ്രമം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചട്ടപ്പടി സമരം നടത്തുന്ന ജീവനക്കാർക്കെതിരെ സ്ഥലംമാറ്റുന്നത് അടക്കമുള്ള പ്രതികാര നടപടികൾക്ക് വിധേയരാക്കുന്നത് നിയമവിരുദ്ധവും ജനദ്രോഹവുമാണ്. ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയിലാണ് അവർ സമരം നടത്തുന്നത്.അതുപോലും നിഷേധിച്ച് കൃത്രിമമായി പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ചില മേലുദ്യോഗസ്ഥരുടെ ശ്രമം.സമരത്തിന്റെ പേരിൽ നിരവധിപേരെ സ്ഥലംമാറ്റുകയും ചിലരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് പിൻവലിക്കണമെന്നും പ്രതികാര നടപടികളെടുക്കുന്നത് തടയണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.