തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിന് മുന്നിൽ ഷെൽട്ടർ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഴയും വെയിലും കൊണ്ടാണ് നിലവിൽ യാത്രക്കാർ ക്യൂ നിന്ന് ഓട്ടോ പിടിക്കുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് കൗണ്ടർ ഉപയോഗിക്കുന്നത്. വർഷങ്ങളായി ഈ ദുരിതം തുടരുന്നതായി യാത്രക്കാർ പറയുന്നു.
രാത്രിയും പകലും തമ്പാനൂരിൽ എത്തുന്നവരെ സുരക്ഷിതമായി പോകേണ്ട ഇടങ്ങളിൽ എത്തിക്കാൻ സിറ്റി ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പദ്ധതി. 24 മണിക്കൂറും പ്രവർത്തിക്കും. ട്രെയിൻ വരുമ്പോഴാണ് തിരക്ക് അനുഭവപ്പെടുന്നത്. റസീപ്ടിൽ നിശ്ചയിക്കുന്ന തുക മാത്രമേ ഓട്ടോ ഡ്രൈവർമാർക്ക് യാത്രക്കാരിൽ നിന്ന് വാങ്ങാനാകുള്ളൂ എന്നതാണ് പ്രത്യേകത. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷയും ഉറപ്പാക്കുന്നതാണ് പദ്ധതി.
ഓട്ടോറിക്ഷകൾ കുറവ്
തിരക്ക് സമയങ്ങളിൽ പ്രീ പെയ്ഡ് ഓട്ടോറിക്ഷകൾ കുറവാണെന്ന് യാത്രകാർ പറയുന്നു. ഈ സമയങ്ങളിൽ മറ്റു ഓട്ടോകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സാധാരണ നിരക്കിൽ നിന്നും കൂടുതലാണ് മറ്റ് ഓട്ടോക്കാർ വാങ്ങുന്നത്.