തിരുവനന്തപുരം: കേന്ദ്രമന്ത്രിയായതിനുശേഷം തലസ്ഥാനത്തെത്തിയ സുരേഷ്ഗോപിക്ക് ഊഷ്മള വരവേല്പ് നൽകി ബി.ജെ.പി നേതാക്കളും പ്രവർത്തകരും. ജില്ലാ കമ്മിറ്റി ഓഫീസിലും പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലും പ്രത്യേകം സ്വീകരണമാണ് ഒരുക്കിയത്. തനിക്ക് പ്രിയപ്പെട്ട തിരുവട്ടാറിലെ ബോളിയുമായാണ് സുരേഷ് ഗോപി സന്തോഷം പങ്കിടാനെത്തിയത്. മകളുടെ വിവാഹത്തിനും തിരുവട്ടാറിൽ നിന്നായിരുന്നു ബോളി. മാരാർജിഭവനിൽ പായസം ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. രാവിലെ പത്തോടെയായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിൽ സുരേഷ്ഗോപിക്ക് സ്വീകരണം നൽകിയത്. മുതിർന്ന നേതാവ് കെ.രാമൻപിള്ള മധുരം നൽകി സ്വീകരിച്ചു.
തുടർന്ന് 11.10ന് പാർട്ടി ആസ്ഥാനത്തെത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ പൂക്കൾ വിതറി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും നേതാക്കളായ വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർ ഷാൾ അണിയിച്ചു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ മുറിയിലേക്ക്. മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ചു. ഇന്ദിരാഗാന്ധി പരാമാർശത്തിൽ അദ്ദേഹം വ്യക്തത വരുത്തി. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നാണ് പ്രതീക്ഷ. അത് ജനങ്ങളുടെ ആവശ്യമാണ്. അതിനായി പോരാടുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻചീഫ് സെക്രട്ടറി ജോൺ മത്തായി, റിലയൻസ് ജിയോ സീനിയർ വൈസ് പ്രസിഡന്റ് കെ.സി.നരേന്ദ്രൻ എന്നിവരെത്തി അദ്ദേഹത്തെ അനുമോദിച്ചു. നേതാക്കൾക്കൊപ്പം സദ്യ കഴിച്ച ശേഷം ഒ.രാജഗോപാലിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.