
മനുഷ്യന്റെ ശാരീരികവും മാനസികവും സാന്മാർഗികവുമായ ഉന്നത സംസ്കാരത്തെ ആശ്രയിച്ചാണ് ഒരു രാഷ്ട്രത്തിന്റെ സർവതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും. ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ആരോഗ്യമെന്ന ദിവ്യ സമ്പത്ത് കാത്തുസൂക്ഷിക്കുന്നതിൽ യോഗയ്ക്കുള്ള പങ്ക് നിസ്സീമമാണ്. രോഗനിവാരണത്തിനുള്ള വിശിഷ്ടമായ ഉപാധിയെന്ന നിലയിൽ യോഗാസനത്തിന്റെ പ്രാധാന്യം ലോകം മുഴുവൻ അംഗീകരിച്ചിട്ടുണ്ട്.
ജീവിതത്തിൽ പല വിധ മാനസിക സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും നമുക്കെല്ലാം ഇടവരാറുണ്ട്. ഇവ മൂലമുണ്ടാകുന്ന മാനസിക അസ്വസ്ഥതകൾ പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്തേക്കാം. ഇങ്ങനെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് യോഗാസനങ്ങൾ ഫലപ്രദമാണെന്ന് ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുമുണ്ട്. യോഗ ചെയ്യുന്നതിനു മുമ്പ് അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. തുടക്കത്തിൽ അവരവർക്ക് ഇഷ്ടമുള്ള പ്രാർത്ഥനയാണ് വേണ്ടത്. അതുകഴിഞ്ഞ് മനസിന്റെ പിരിമുറുക്കം അയച്ച്, ശാന്തമാക്കാൻ രണ്ടു മിനിട്ട് ധ്യാനം. പിന്നീട് രണ്ടു മിനിട്ട് ശവാസനം.
പതഞ്ജലിയുടെ
നിർവചനം
ആസനം എന്ന പദത്തിന് പതഞ്ജലി മഹർഷി നല്കിയിരിക്കുന്ന നിർവചനം 'സ്ഥിരസുഖമാസനം" എന്നാണ്. സ്ഥിരമായും സുഖമായും ശരീരത്തെ ഏതെങ്കിലുമൊരു മാതൃകയിൽ നിറുത്തുന്നതാണ് ആസനം. സ്ഥിരമായും സുഖമായും ഇരിക്കുന്നതും നിൽക്കുന്നതും കിടക്കുന്നതും എല്ലാം ആസനങ്ങളാണ്. ശരീരത്തിന് ഭക്ഷണം പോലെ അനുപേക്ഷണീയമാണ് വ്യായാമവും. വ്യായാമമില്ലായ്കയാണ് പല രോഗങ്ങൾക്കും അടിസ്ഥാന കാരണം. ശരീരത്തിനും മനസിനും ഒരേ സമയം പ്രയോജനം സിദ്ധിക്കുന്ന ഒരു പദ്ധതിയാണ് യോഗവ്യായാമം. ആരോഗ്യവും മനഃശാന്തിയും നഷ്ടപ്പെടാതെ ദീർഘായുസായി ജീവിക്കണമെങ്കിൽ മിതവും ഹിതവുമായ ആഹാരം, ശരിയായ ശ്വാസോച്ഛ്വാസം, മനോനിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവയിലൂടെ മനുഷ്യന്റെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകും. വ്യായാമരഹിതമായ ജീവിതം നയിച്ചുവരുന്നവർക്ക് പല ആസനങ്ങളും തുടക്കത്തിൽ വളരെ പ്രയാസമായി തോന്നിയേക്കാം. നിലത്ത് ചമ്രം പടിഞ്ഞിരിക്കാൻ സാധിക്കുന്നവർ തന്നെ ഇന്നത്തെ കാലത്ത് വിരളം! പ്രാരംഭത്തിൽ അനുഭവപ്പെടുന്ന വിഷമതകളെല്ലാം പരിശീലനം പുരോഗമിക്കുന്നതോടെ മാറും. യോഗ ഒരു ദിനചര്യയായെങ്കിലേ ഫലമുള്ളൂ. ചൂളയിൽ വയ്ക്കാത്ത പച്ചക്കലം പോലെയാണ് വ്യായാമമില്ലാത്ത ശരീരം. ചൂളയിൽ വച്ച് അഗ്നിശുദ്ധി വരുത്തിയാൽ അത് ന്യൂനതകളൊന്നും സംഭവിക്കാതെ ദീർഘകാലം നിലനില്ക്കും. അതുപോലെയാണ് നമ്മുടെ ശരീരവും.
ശരീരം, മനസ്,
സന്മാർഗം
ഒരേസമയം നമ്മുടെ ശാരീരികവും മാനസികവും സാന്മാർഗികവുമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം സാദ്ധ്യമാക്കുന്നു എന്നതാണ് യോഗസൂത്രം അഥവാ രാജയോഗത്തിന്റെ സവിശേഷതയും പ്രാധാന്യവും. ബി.സി 300- ൽ ജീവിച്ചിരുന്ന പതഞ്ജലി മഹർഷിയാണ് അന്ന് നിലവിലിരുന്ന യോഗാഭ്യാസ മുറകൾ സമാഹരിച്ച് പഠിച്ചും, ന്യൂനതകൾ പരിഹരിച്ചും ശരീരശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ യോഗസൂത്രം എന്ന രാജയോഗ ഗ്രന്ഥം തയ്യാറാക്കിയത്. 2200 വർഷം പിന്നിട്ടിട്ടും യോഗസൂത്ര ഗ്രന്ഥത്തിന് ഇന്നുവരെ ഒരു വ്യത്യാസവും ആരും വരുത്തിയിട്ടില്ല.
തികഞ്ഞ ആരോഗ്യവും മനഃശാന്തിയുമാണ് ജീവിതത്തിന്റെ മൂലധനം. ശരീരത്തിന് ആരോഗ്യമില്ലെങ്കിൽ മനഃശാന്തിയില്ല. അതുപോലെ മറിച്ചും. ജീവിതയാത്രയ്ക്കുള്ള വാഹനമാണ് ശരീരം. അതിന് എന്തെങ്കിലും തകരാറു സംഭവിച്ചാൽ യാത്രയ്ക്ക് തടസം നേരിടും. അതു സംഭവിക്കാതിരിക്കണമെങ്കിൽ ശരീരവും മനസും എന്നും തേച്ചുതുടച്ച് ശുദ്ധിക്രിയ ചെയ്തുകൊണ്ടേയിരിക്കണം. അതിനുള്ള സാങ്കേതിക വിദ്യകളാണ് യോഗ ശാസ്ത്രത്തിലുള്ളത്. പ്രായഭേദമില്ലാതെ ചെയ്യാവുന്ന 84 യോഗകളിൽ പല രോഗങ്ങൾക്കുമുള്ള പല യോഗാസനങ്ങളും വിവരിക്കുന്നുണ്ട്.
ഉദര രോഗങ്ങൾ, ഹൃദയ രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, നടുവേദന, ആസ്ത്മ, ഉറക്കമില്ലായ്മ, കൊളസ്ട്രോൾ, പ്രമേഹം, സന്ധിവേദന, ലൈംഗിക തകരാറുകൾ, മലബന്ധം തുടങ്ങിയ അസുഖങ്ങളെല്ലാം യോഗാസനത്തിലൂടെ ഭേദമാക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രാണായാമം തുടങ്ങിയുള്ള ശ്വസനക്രിയകൾക്കു ശേഷം ശരീരത്തെ യോഗാസനം ചെയ്യുന്നതിന് പാകപ്പെടുത്തുന്ന സ്ട്രെച്ചിംഗ്, സൂര്യനമസ്കാരം എന്നിവയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ യോഗാസനങ്ങൾ എല്ലാദിവസവും ഒരുമണിക്കൂർ വീതം ചെയ്താൽ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിതകാലം പൂർത്തിയാക്കാം.
(കൗമുദി കെ. ബാലകൃഷ്ണൻ സ്ഥാപിച്ച തിരുവനന്തപുരം പേട്ട യംഗ്സ്റ്റേഴ്സ് ക്ളബ് സെക്രട്ടറിയാണ് ലേഖകൻ. പതിനാറു വർഷത്തിലധികമായി യംഗ്സ്‌റ്റേഴ്സ് ക്ളബ് യോഗ പരിശീലനം നല്കുന്നു. ലേഖകന്റെ മൊബൈൽ: 98468 15075)