
വർക്കല: നഗരസഭ പരിധിയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ റിസോഴ്സ് റിക്കവറി ഫെസിലിറ്റീസ് (ആർ.ആർ.എഫ് ) യൂണിറ്റിന് സമീപം കുഴിച്ചുമൂടിയതായി പരാതി. മരുന്ന്, പെർഫ്യൂം എന്നിവയുടെ ഗ്ലാസ് കുപ്പികളും കുപ്പിച്ചില്ലുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും ഉൾപ്പെടുന്ന അജൈവ മാലിന്യങ്ങളാണ് കഴിഞ്ഞദിവസം
കുഴിച്ചുമൂടിയത്. ആർ.ആർ.എഫ് യൂണിറ്റിനോട് ചേർന്ന് താത്കാലിക ഷെഡ്ഡ്നിർമ്മിക്കുന്നതിന് സ്ഥലം വൃത്തിയാക്കുകയും ഇവിടെയുള്ള മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തു മൂടുകയുമാണ് ഉണ്ടായത്. മാലിന്യം മൂടിയത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാസ വസ്തുക്കളുടെ സാന്നിദ്ധ്യമുള്ള കുപ്പികൾ കുഴിച്ചു മൂടുന്നതിലൂടെ സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് വിഷാംശമെത്തുമെന്നുള്ള ആശങ്കയും നാട്ടുകാർക്കുണ്ട്. അജൈവ മാലിന്യം കുഴിച്ചു മൂടിയത് നഗരസഭയുടെ അറിവോടെ അല്ലെന്നും നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ കെ.എം.ലാജി പറഞ്ഞു.