
തിരുവനന്തപുരം: ബാലൻ തിരുമലയുടെ ജീവിതം തലസ്ഥാനത്തിന്റെ സാംസ്‌കാരിക ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ കൂടി പ്രതിഫലനമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നാടകപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലൻ തിരുമലയുടെ നവതിയാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി. ബാലൻ ഫിലിം ക്രിട്ടിക്സിന്റെ നവതി ഉപഹാരം മന്ത്രി ബാലൻ തിരുമലയ്ക്ക് സമ്മാനിച്ചു. വിവിധ സംഘടനകളും വ്യക്തികളും അദ്ദേഹത്തെ പൊന്നാടയണിയിച്ചാദരിച്ചു. നവതിയോടനുബന്ധിച്ച് രചിച്ച കവിത പ്രൊഫ.ഗോപാലകൃഷ്ണൻ പാരായണം ചെയ്തു. മുതിർന്ന നിരൂപകൻ എം.എഫ്. തോമസ്, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബൈജു ചന്ദ്രൻ, തിരുമല ബാലൻ, തേക്കിൻകാട് ജോസഫ്, എ. ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.