
കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചാത്തിലെ വീടുകളിൽ നിന്നും ഹരിതകർമ്മസേന സംഭരിയ്ക്കുന്ന മാലിന്യങ്ങൾ യഥാസമയം സംഭരണ കേന്ദ്രങ്ങളിൽ എത്തിയ്ക്കാതെ ചാക്കുകളിലാക്കി മാസങ്ങളോളം റോഡ് വക്കുകളിൽ കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ചിറമൂല കൊള്ളഴികം റോഡിന്റെ ഇരുവശങ്ങളിലും ഈ ചാക്കുകൾ കാരണം വാഹനഗതാഗതത്തിന് തടസമാകുന്നു. ഇവിടെ ചാക്കുകെട്ടുകൾ കാരണം നിരവധി ഇരുചക്രവാഹനയാത്രക്കാർ വീണ് സാരമായ പരിക്ക്പറ്റുന്നത് നിത്യസംഭവമാണ്. ചാക്കുകളിലെ മാലിന്യങ്ങൾ തെരുവ് നായ്ക്കൾ കടിച്ച് കീറി പരിസരം മലിനമാക്കുന്നു. ഒപ്പം തെരുവ്നായ്ക്കൾ കൂടി എത്തിയതോടെ ആക്രമണ ഭീതിയും ഉയരുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി നടപടി സ്വീകരിയ്ക്കണമെന്ന് കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ വൈ:പ്രസിഡന്റ് കടയ്ക്കാവൂർ അശോകൻ ആവശ്യപ്പെട്ടു.