
കല്ലമ്പലം: ഒറ്റൂർ - മധുരക്കോട് - വലിയവീട്ടിൽ ക്ഷേത്രം റോഡ് തകർന്ന് തരിപ്പണമായിട്ടും പഞ്ചായത്ത് അനധികൃതർ മൗനത്തിൽ. നിത്യേന നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്. വാട്ടർ അതോറിട്ടി പൈപ്പിടാനായി എടുത്ത കുഴികളും മൂടാതെ ഇട്ടിരിക്കുന്നതിനാൽ അപകടങ്ങളും പതിവാണ്. 20 ഓളം കുഴികൾ റോഡിലുണ്ട്. ഇതുമൂലം ഓട്ടോറിക്ഷ പോലും യാത്രക്കാർ വിളിച്ചാൽ ഇവിടെ വരാറില്ല.
കഴിഞ്ഞ ഭരണസമിതി റോഡിന് വേണ്ടി തുക അനുവദിച്ചെങ്കിലും ഇലക്ഷൻ വന്നതോടെ മാറിവന്ന ഭരണസമിതി തുക മാറ്റി ചെലവഴിച്ചു. നിരന്തരം പഞ്ചായത്തിൽ അറിയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഇനിയും റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സേവാദൾ മണ്ഡലം ചെയർമാൻ വി.എസ്.പപ്പൻ പറഞ്ഞു.