k-m-laji

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജ് ബോട്ടണി വിഭാഗം 1984-87 ബാച്ചിലെ വിദ്യാർത്ഥികൾ 40വർഷങ്ങൾക്കു ശേഷം കോളേജിൽ ഒരുമിച്ചുകൂടി. ബാച്ചിലെ അംഗമായിരുന്ന ബാബു പൊടിയന്റെ ഓർമ്മയിൽ ഏർപ്പെടുത്തിയ ക്യാഷ് പ്രൈസും പ്രശംസാഫലകവും അടങ്ങിയ അവാർഡ് വർക്കല എസ്.എൻ കോളേജിൽ നിന്ന് ബോട്ടണിയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ മുഹ്സിന റഫീക്കിന് നഗരസഭ ചെയർമാൻ കെ.എം.ലാജി സമ്മാനിച്ചു. കോളേജിലെ ബോട്ടണി വിഭാഗത്തിൽ നിന്ന് പഠിച്ചിറങ്ങി അക്കാഡമിക് രംഗത്ത് മികവ് പുലർത്തിയ ഡോ.എസ്.ഷിബുരാജ് (പ്രൊഫസർ,കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്‌),ഡി.അജിത് കുമാർ (റിട്ട.സയന്റിസ്റ്റ്,രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി) എന്നിവരെ ആദരിച്ചു. ഖാലിദ് പനവിള അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ്‌ എക്സിക്യുട്ടിവ് അംഗം അജി.എസ്.ആർ.എം,ബോട്ടണി വിഭാഗം മേധാവി പ്രൊഫസർ ഡോ.എസ്.ശേഖരൻ, മുൻ മേധാവി ഡോ.ഹസീന ബീവി,ഡോ.ഷിബുരാജ്,അയിരൂർ ഷാജഹാൻ, ഡോ.സന്തോഷ്‌, അഡ്വ.കെ.എൽ.സാജൻ, എസ്.വി.സുഭാഷ് ചന്ദ്ര ബോസ്,ജെമി,രേഖ.ഡി എന്നിവർ സംസാരിച്ചു.