
ജനോപകാരപ്രദമെന്ന പ്രഖ്യാപനത്തോടെ പുതുതായി ആരംഭിക്കുന്ന പല പദ്ധതികളും പാതിവഴിക്കെത്തുമ്പോൾ ചക്രശ്വാസം വലിക്കുന്ന കാഴ്‌ചകൾ പതിവായിരിക്കുന്നു. ഒന്നാം പിണറായി സർക്കാർ അഭിമാന പദ്ധതിയെന്നു വിശേഷിപ്പിച്ച് 2017-ൽ ആരംഭിച്ച 'ആർദ്രം" പദ്ധതിയുടെ ഗതിയും മറ്റൊന്നല്ല. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും തമ്മിൽ പദ്ധതിയെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നത ഇപ്പോൾ ആ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ കൃത്യമായ ചികിത്സ രാവിലെ മുതൽ വൈകുന്നേരം വരെ ഉറപ്പാക്കുകയെന്ന സദുദ്ദേശ്യത്തോടെയാണ് 'ആർദ്രം" പദ്ധതിക്കു തുടക്കമിട്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയാണ് പദ്ധതി പ്രവർത്തനമാരംഭിച്ചത്. ഇതിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു.
ആരോഗ്യവകുപ്പിനു പുറമെ തദ്ദേശ വകുപ്പ് നിയോഗിക്കുന്ന താത്‌കാലിക ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ എന്നിവരുടെ സേവനം രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ ലഭ്യമാക്കുമെന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതി പ്രകാരം ഇതിനോടകം 683 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാറ്റാൻ കഴിഞ്ഞു. നന്നായി മുന്നേറിയ ഈ പദ്ധതി തദ്ദേശ വകുപ്പ് സമീപകാലത്തിറക്കിയ ഒരു ഉത്തരവ് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ ആർദ്രത്തിനായി ജീവനക്കാരെ നിയോഗിക്കണമെങ്കിൽ തദ്ദേശ വകുപ്പു മന്ത്രി തന്നെ അദ്ധ്യക്ഷനായ കോ- ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പദ്ധതിയെ പൊളിക്കാൻ ഉദ്യോഗസ്ഥരിൽ ചിലർ നടത്തിയ കളികളാണ് ഇങ്ങനെ വന്നു ഭവിക്കാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.
ലളിതമായി നടന്നുവന്ന ഒരു പ്രക്രിയയെ കൂടുതൽ സങ്കീർണമാക്കുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. താഴെത്തട്ടിൽ തീരുമാനമെടുത്ത് സുഗമമായി നടന്നുപോയ പദ്ധതിയുടെ അവസ്ഥയാണിത്. അതുപോലെ, പരസഹായത്തോടെ മാത്രം ജീവിതം തള്ളിനീക്കുന്ന നിർദ്ധനരെ പരിചരിക്കുന്നവർക്കുള്ള തുച്ഛമായ ആനുകൂല്യം നിലച്ചിട്ട് 27 മാസമായി. പ്രതിദിനം ഇരുപത് രൂപ വച്ച് മാസം തോറും 600 രൂപ മാത്രം നൽകുന്ന 'ആശ്വാസകിരണം" പദ്ധതിയുടെ സ്ഥിതിയാണിത്. കിടപ്പുരോഗിയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരുലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ അർഹതയില്ലെന്ന് സർക്കാർ പുതിയ നിബന്ധന കൊണ്ടുവന്നതാണ് പ്രശ്നം സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് എൽ.ഡി.എഫിലെ കക്ഷികളും നേതാക്കളും വാദം തുടരുകയാണ്.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ ശ്രദ്ധിക്കാനും അവയിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാനും സർക്കാർ സംവിധാനത്തിൽ ഇടപെടൽ ഉണ്ടായില്ല. ഭരണചക്രം ചലിപ്പിക്കുന്നവർക്ക് ഇക്കാര്യങ്ങളിലൊന്നും യാതൊരു ശ്രദ്ധയുമുണ്ടായില്ലെന്നതാണ് സത്യം. ആ സാഹചര്യം ഏറ്റവും മുതലെടുത്തത് അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ്. അവർ ന്യൂനപക്ഷമാണെങ്കിലും നേതൃതലത്തിൽ ആരും ചോദിക്കാനില്ലെന്നു വന്നതോടെ കാര്യങ്ങൾ തന്നിഷ്ടപ്രകാരം നടത്താൻ എളുപ്പമായി. ഭരണം ജനക്ഷേമകരമല്ലാതാകുമ്പോൾ സ്വാഭാവികമായും ജനങ്ങൾ അകലും. ആകെയുള്ള അവസരമായ തിരഞ്ഞെടുപ്പിലൂടെ അവർ പ്രതികരിക്കും. അത് തിരിച്ചറിയാൻ കമ്മിഷനെ വച്ചിട്ടു കാര്യമൊന്നുമില്ല. ജനങ്ങൾക്ക് നേരിട്ടു ബന്ധപ്പെടാൻ കഴിയാത്തവിധം സെക്രട്ടേറിയറ്റിന്റെ വാതിലുകൾ പോലും കൊട്ടിയടയ്ക്കുന്ന സ്ഥിതിയുണ്ടായി. ജനഹിതമറിയാതെയുള്ള ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾ ഭരണാധികാരികളിൽ പലരെയും വഴിതെറ്റിക്കുന്നു. ഇതുമൂലം, ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും വിസ്‌മരിക്കപ്പെടുമെന്നു മാത്രമല്ല, ആർക്കു വേണ്ടിയാണ് ഈ ഭരണമെന്ന് ജനം ചോദിക്കുകയും ചെയ്യും.