
പാലോട്: വാമനപുരം നദിയിലെ പച്ച കാലൻകാവ് പൊട്ടൻചിറ പമ്പ് ഹൗസിനോടു ചേർന്നുള്ള കടവിൽ സ്കൂൾ വിദ്യാർത്ഥിയും കുടുംബസുഹൃത്തും മുങ്ങിമരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. നന്ദിയോട് പച്ച കാലൻകാവ് ഭാസ്കരവിലാസത്തിൽ വാടകയ്ക്ക് താമസിക്കുന്ന ആനയറ സ്വദേശി അനൂപിന്റെയും അഖിലയുടെയും മകൻ കാർത്തിക് (15), ശ്രീവരാഹം തോട്ടു മുടുമ്പിൽ വീട്ടിൽ വിനു എന്നിവരാണ് മരിച്ചത്. കാർത്തിക് കുടുംബാംഗങ്ങളോടൊപ്പം ഫിഷ് ടാങ്കിൽ ഇടുന്നതിനായി പായൽ ശേഖരിക്കുന്നതിനാണ് എത്തിയത്. ആറ്റിലിറങ്ങി പായൽ ശേഖരിക്കുന്നതിനിടെ മണൽ വാരി കുഴിയായ ഭാഗത്തെ ഒഴുക്കിൽപ്പെടുകയായിരുന്നു. കാർത്തിക്കിനെ രക്ഷിക്കാനാണ് വിനു ആറ്റിലേക്കിറങ്ങിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ പ്രദേശവാസിയായ പ്രവീൺ രണ്ടുപേരെയും കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിതുര ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്. അനുജൻ കാശി. മോഹനൻ-വനജ ദമ്പതികളുടെ മകനാണ് വിനു. ഭാര്യ: ലക്ഷ്മി. മകൾ: ഐശ്വര്യ. പോസ്റ്റുമോർട്ടത്തിനു ശേഷം കാർത്തിക്കിന്റെ മൃതദേഹം വിതുര ഹൈസ്കൂളിലെയും വാടക വീട്ടിലെയും പൊതുദർശനത്തിനുശേഷം കരിമൺകോട് ശാന്തിതീരത്തും വിനുവിന്റെ മൃതദേഹം ശ്രീവരാഹത്തെ വീട്ടുവളപ്പിലും സംസ്കരിച്ചു. പാലോട് പൊലീസ് കേസെടുത്തു.