
ചിറയിൻകീഴ്: ശാർക്കര ഹൈസ്കൂളിൽ 1985 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ ചിത്തിരത്തോണി 85 സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ്, പുതിയ ആസ്ഥാന ഓഫീസ്, ലൈബ്രറി, വായനശാല എന്നിവ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിത്തിരത്തോണി സംഘം രക്ഷാധികാരിയും ഗ്രന്ഥശാല പ്രസിഡന്റുമായ മനോജ് ബി. ഇടമന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ് അനുമോദിച്ചു. എൻജിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സജീവ് മോഹൻ മോട്ടിവേഷൻ ക്ലാസെടുത്തു. ട്രഷറർ ആർ.ജയാംബിക കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്കും, മരണപ്പെട്ട സഹപാഠികൾക്കും അനുശോചനമറിയിച്ചു. കലാ-കായികരംഗത്ത് മികവുതെളിയിച്ച വിദ്യാർത്ഥികളെയും കളഞ്ഞുകിട്ടിയ പണം ആറ്റിങ്ങൽ പൊലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ ഷാഫിയെയും അനുമോദിച്ചു. ചിത്തിരത്തോണി ഗ്രന്ഥശാല സെക്രട്ടറി സുനിതാഭായ്, പാലിയേറ്റ് കൺവീനർ പി.പ്രേംകുമാർ, സംഘം സഹ ഭാരവാഹികളായ ബി.ഷാജഹാൻ, മനോജ് കുമാർ, ബിന്ദു ബി.എൽ, കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു. സംഘം പ്രസിഡന്റ് സജി സതീശൻ സ്വാഗതവും സെക്രട്ടറി എസ്.സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു.