വർക്കല: നഗരസഭ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽസ് കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) പരിസരത്ത് ഹരിതകർമ്മസേന വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച അജൈവമാലിന്യം കുഴിയെടുത്ത് മൂടിയ നടപടിയിൽ ഹരിത കർമ്മസേന പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനത്തുനിന്ന് മാറ്റി. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ മാലിന്യമുക്ത കാമ്പെയിനുകൾ നടക്കുന്നതിനിടെ ഹരിതകർമ്മസേനയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി നഗരസഭയ്ക്ക് കോട്ടമുണ്ടാക്കിയതായി കൗൺസിൽ വിലയിരുത്തി. യൂണിറ്റിനോടു ചേർന്ന് താത്കാലിക ഷെഡ്ഡ് നിർമ്മിക്കുന്നതിനായി ഞായറാഴ്ച രാവിലെ സ്ഥലം വൃത്തിയാക്കുകയും മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തു മൂടുകയും ചെയ്തു. ഇത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാസവസ്തുക്കളുടെ സാന്നിദ്ധ്യമുള്ള കുപ്പികൾ കുഴിച്ചുമൂടുന്നതിലൂടെ സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് വിഷാംശമെത്തുമെന്നുള്ള ആശങ്കയും നാട്ടുകാർ പ്രകടിപ്പിച്ചിരുന്നു.