
ചിറയിൻകീഴ്: ട്രോളിംഗ് നിരോധനത്തിനിടെ മത്സ്യബന്ധനം നടത്തിയ വള്ളങ്ങളെ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തു. കടലിൽ നിന്ന് ചെറുമത്സ്യങ്ങളെ അനധികൃതമായി പിടിച്ച ഗൂഗിൾ,ശ്രീക്കുട്ടി എന്നീ രണ്ടു വള്ളങ്ങളെയാണ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. ഇന്നലെ ചിറയിൻകീഴ് എ.എഫ്.ഇ.ഒ വിഷ്ണു, ഹെഡ് ഗാർഡ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ അമൃത് ലാൽ, ജോബിൻ പോൾ, എൽ.ജി.എസുമാരായ റോബിൻസൺ,ഷിബു,ജസ്റ്റിൻ,കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മുതലപ്പൊഴി പാലത്തിനു സമീപം ജലറാണി എന്ന കോസ്റ്റൽ പൊലീസിന്റെ ബോട്ടുമായി പരിശോധന നടത്തുന്നതിനിടെയാണ് അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടത്. 10 സെന്റിമീറ്ററിന് താഴെയുള്ള രണ്ട് ബോക്സ് കൊഴിയാള മത്സ്യം, 25 എച്ച്.പി 4 എൻജിനുകൾ,4 തെർമ്മോക്കോൾ,12വോൾട്ടിന്റെ 9 ലൈറ്റുകൾ,5 ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു. വള്ളങ്ങളിലെ തൊഴിലാളികളായ ഔസേഫ്, മഹേഷ്, മനോജ്, രാജേഷ്, പ്രിൻസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. വർക്കല എഫ്.ഇ.ഒ മേൽനടപടികൾ സ്വീകരിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.