hi

കിളിമാനൂർ: പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുളിമാത്ത് ആൽത്തറമുക്ക് പ്രസാദം വീട്ടിൽ അശ്വിൻ ചന്ദ് (25), കിളിമാനൂർ പോങ്ങനാട് ആലത്തുകാവ് പാറയിൽ കട കൃഷ്ണ വിലാസത്തിൽ അഖിൽ(24) എന്നിവരാണ് അറസ്റ്റിലായത്. 17ന് വൈകിട്ട് 6.30നായിരുന്നു സംഭവം. പാപ്പാല ജംഗ്ഷനിലെ ഷാനവാസ് എന്നയാളുടെ കടയുടെ മുന്നിലെത്തിയ പ്രതികൾ ചീത്ത വിളിക്കുകയും കടയിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും ചെയ്തു. ഇതു തടഞ്ഞ കടയുടമയെ ഇവർ മർദ്ദിച്ചു. തുടർന്ന് നാട്ടുകാർ കിളിമാനൂർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അവിടെനിന്ന് നീക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർക്കുനേരെ തിരിയുകയും സിവിൽ പൊലീസ് ഓഫീസറെ മർദ്ദിക്കുകയുമായിരുന്നു. കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിയിട്ടും പ്രതികൾ അക്രമാസക്തരായി ചീത്ത വിളിക്കുന്നത് തുടർന്നു. പൊലീസ് ഉദ്യോഗസ്ഥനായ അജിയുടെ പരാതിയിൽ ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.