
ആര്യനാട്: ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടർ വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി.ലോറി ഡ്രൈവർ പാറശാല സ്വദേശി രതീഷിന് (40) ഗുരുതര പരിക്കേറ്റു.ഇന്നലെ പുലർച്ചേ 4ഓടെയായിരുന്നു സംഭവം.നെടുമങ്ങാട് ഭാഗത്ത് നിന്ന് കുറ്റിച്ചൽ ശംഭുതാങ്ങിയിലെ പാറക്വാറിയിൽ നിന്ന് പാറയെടുക്കാനായി പുലർച്ചെ അമിത വേഗതയിലെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
സ്കൂട്ടർ വർക്ക്ഷോപ്പിന് മുന്നിൽ നിന്ന 11കെ.വി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്താണ് വർക്ക്ഷോപ്പിലേക്ക് ലോറി പാഞ്ഞു കയറിയത്.ഇടിയുടെ ആഘാതത്തിൽ ലോറി എതിർദിശയിലേക്ക് മാറി.ലൈൻ കമ്പി പൊട്ടിവീഴാത്തത് വൻ ദുരന്തം ഒഴിവാക്കി.
വലിയ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയത്.ഡ്രൈവറുടെ കഴുത്തിനും ചെവിക്കും പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്നും സംശയമുണ്ട്.ഇടിയുടെ ആഘാതത്തിൽ വർക്ക്ഷോപ്പിന്റെ ഷട്ടറും കെട്ടിടവും തകർന്നു.