തിരുവനന്തപുരം: കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത് കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കരമന കളിയിക്കാവിള ദേശീയപാതയിലും പെഡസ്ട്രിയൻ ബാരിക്കേഡുകൾ സ്ഥാപിച്ചുതുടങ്ങി. നിറമൺകര മുതൽ പ്രാവച്ചമ്പലം വരെയാണ് ഇപ്പോൾ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്.വൈകാതെ പാതയിലെ മറ്റ് ഭാഗത്തേക്കും വേലി സ്ഥാപിക്കൽ നീളും.
വേഗമേറിയ പാതകളിലെ അപകടം കുറയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരമാണ് ദേശീയപാതകളിൽ പെഡസ്ട്രിയൻ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്.
കരമന കളിയിക്കാവിള പാതയിലുണ്ടായ റോഡപകടങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 11 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.ബാരിക്കേഡിനൊപ്പം മീഡിയനുകളിലെ സൗന്ദര്യവത്കരണ പരിപാടികളും നടപ്പിലാക്കും. വഴിവിളക്കുകളും സ്ഥാപിക്കും.നിലവിൽ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ബാരിക്കേഡ് ഒഴിവാക്കിയിട്ടുള്ളത്. ബാരിക്കേഡ് സ്ഥാപിച്ച് റോഡ് മുറിച്ചു കടക്കൽ പരിമിതപ്പെടുത്തുന്നതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോവളം - കഴക്കൂട്ടം പാതയിൽ ഈഞ്ചയ്ക്കൽ,മുട്ടത്തറ,പരുത്തിക്കുഴി ഭാഗത്ത് ബാരിക്കേഡ് സ്ഥാപിക്കുന്ന നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ചാക്ക കോവളം ബൈപ്പാസിൽ മീഡിയനിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടില്ല.