f

തിരുവനന്തപുരം:അടുത്തമാസം കാര്യവട്ടം ക്യാമ്പസിൽ ബി.കോം യു.ജി വിദ്യാർത്ഥിയായി രോഹിത ജയൻ.എം എത്തുന്നത്,പഠിപ്പിച്ച ഗുരുക്കന്മാരുടെ ജൂനിയറായാകും. കൂട്ടുകാരുമൊത്ത് കറങ്ങിനടക്കാതെ സായാഹ്നങ്ങളിൽ രോഹിത ഉൾപ്പെടെ 25ഓളം കുട്ടികളെ പഠിപ്പിച്ച കാര്യവട്ടത്തെ വിദ്യാർത്ഥികൾ 'തങ്ങളുടെ ശിഷ്യയെ' സ്വീകരിക്കാൻ തയാറെടുത്തുകഴിഞ്ഞു. ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സമീപത്തെ അമ്പലത്തിൻകര സെറ്റിൽമെന്റിലെ കുട്ടികൾക്ക് 2016 മുതൽ സൗജന്യമായി ക്ലാസെടുക്കുന്നുണ്ട്. അഞ്ചാംക്ലാസ് മുതൽ രോഹിതയും ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. ഒരുമതിലിനപ്പുറം നിറയെ മരങ്ങളും വലിയ ലൈബ്രറിയുമുള്ള ക്യാമ്പസിനെപ്പറ്റി രോഹിതയ്ക്ക് കാര്യവട്ടത്തെ 'ചേട്ടന്മാരും ചേച്ചിമാരും' പറഞ്ഞുകൊടുക്കുമായിരുന്നു. അതേ കോളേജിൽ മെരിറ്റിൽ സീറ്റ് ലഭിച്ചതിന് അളവറ്റ അഭിമാനമാണ് ഈ 17കാരിക്ക്.

യു.ജി.സിയും കേരള സർവകലാശാലയും പഠനത്തിനൊപ്പം വിഭാവനം ചെയ്തിട്ടുള്ള എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് 'വില്ലേജ് അഡോപ്ഷൻ' എന്ന ആശയം ക്യാമ്പസ് പ്രാവർത്തികമാക്കിയത്. വൈകിട്ട് 4.30ഓടെ വിദ്യാർത്ഥികൾ അമ്പലത്തിൻകരയിലേക്ക് പോകും. 200ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സെറ്റിൽമെന്റിലെ തിട്ടയിലും ടെറസിലുമിരുന്ന് ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളെ പഠിപ്പിക്കും. പൊളിറ്റിക്കൽ സയൻസിലും മറ്റ് വിഭാഗങ്ങളിൽ നിന്നുമായി 25ഓളം പി.ജി വിദ്യാർത്ഥികളാണ് ക്ലാസുകളെടുക്കുന്നത്. അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്ന കണക്കിന് ഒരുദിവസം അ‌ഞ്ച് പേരടങ്ങുന്ന സംഘമാണ് പോകുന്നത്.

ബിസിനസ് തുടങ്ങണം

വഴിയോരക്കച്ചവടക്കാരനായ ജയന്റെയും വീട്ടുജോലിക്കാരിയായ മായയുടെയും മൂത്തമകളാണ് രോഹിത.ചെറുപ്പം മുതൽ പഠിക്കാൻ ഇഷ്ടമായിരുന്നെങ്കിലും ഭീമമായ ട്യൂഷൻഫീസ് താങ്ങാൻ കുടുംബത്തിനാവില്ലായിരുന്നു. പത്താംക്ലാസിൽ കണക്കൊഴിച്ചുള്ള വിഷയങ്ങൾക്ക് എപ്ലസ് നേടി. കണക്കിൽ എഗ്രേഡ് ആയെങ്കിലും കൊമേഴ്സ് എടുത്ത് പഠിക്കാനായിരുന്നു മോഹം. പട്ടം സെന്റ് മേരീസിൽ നിന്ന് പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. കാര്യവട്ടത്തെ കൊമേഴ്സ് കോഴ്സിൽ ബിസിനസ് മാനേജ്മെന്റും പഠിക്കാനുണ്ട്. ഭാവിയിൽ സംരംഭകയാകാനാണ് ആഗ്രഹം. സഹോദരി രോഷിത.

ചൂടുപിടിച്ച ചർച്ചകളും

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭരണഘടനെയെപ്പറ്റിയും മനുഷ്യാവകാശങ്ങളെപ്പറ്റിയും സെറ്റിൽമെന്റിൽ ചർച്ചകളും നടത്തും. ജന്മദിനങ്ങൾ ആഘോഷിക്കും. ഭിന്നേശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറും നൽകിയിട്ടുണ്ട്.പരസ്പരം സമാഹരിക്കുന്ന തുകയാണ് മൂലധനം.പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ജോസ്‌കുട്ടിയുടെ നേതൃത്വത്തിൽ പി.ജി വിദ്യാർത്ഥികളായ ആര്യ,കിരൺ എന്നിവരാണ് കോർഡിനേറ്റ് ചെയ്യുന്നത്.

സംശയങ്ങൾ ചോദിക്കാൻ അവർ നൽകിയ പ്രോത്സാഹനമാണ് വഴിത്തിരിവായത്

രോഹിത

പഠിപ്പിക്കുന്നതിലൂടെ ആളുകളോട് ഇടപഴകാനും മടിയില്ലാതെ സംസാരിക്കാനും ഞങ്ങളും പഠിക്കുന്നുണ്ട്.

സംഗീത്,കാര്യവട്ടത്തെ വിദ്യാർത്ഥി