തിരുവനന്തപുരം: നെൽകർഷകർക്കുള്ള പി.ആർ.എസ് വായ്പ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാക്കാൻ കേരളാ ബാങ്കുമായി ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ബാങ്കിൽ ടെൻഡർ വിളിച്ച് കുറഞ്ഞ പലിശ ക്വാട്ട് ചെയ്യുന്നവരിൽ നിന്ന് വായ്പയെടുക്കാനാണ് കേന്ദ്രനിർദ്ദേശം. നേരത്തേ എസ്.ബി.ഐ 6.92%, കേരളാബാങ്ക് 8.5% പലിശയാണ് ആവശ്യപ്പെട്ടത്. 7.65ശതമാനത്തിൽ കുറയ്ക്കാനാവില്ലെന്ന് കേരളാബാങ്ക് അറിയിച്ചിരുന്നു. സംഭരിച്ച നെല്ല് അരിയാക്കി വിതരണം ചെയ്ത ശേഷം കേന്ദ്രത്തിന്റെ പണത്തിനായി ആറു മുതൽ 8മാസം വരെയെടുക്കും. അതിനാലാണ് സപ്ലൈകോയുടെ ഗ്യാരന്റിയിൽ പി.ആർ.എസ് വായ്പയെടുക്കുന്നത്. പണം തിരിച്ചടയ്ക്കുന്നത് സപ്ലൈകോയാണ്. സർക്കാർ വിഹിതം വൈകുന്നതിനാൽ സപ്ലൈകോയ്ക്ക് പലിശബാദ്ധ്യത ഏറുമെന്നും മന്ത്രി പറഞ്ഞു.