
വിഴിഞ്ഞം: അടിമലത്തുറയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് തീയും പുകയും ഉയർന്നു. ബസിന്റെ എൻജിന്റെ അടിഭാഗത്തു നിന്നാണ് പുക വന്നത്. ആളപായമില്ല. ഡ്രൈവർ പെട്ടെന്ന് ബസ് നിറുത്തി യാത്രക്കാരെ പുറത്തിറക്കി. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് സംഭവം. ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണമെടുത്ത് തീയണച്ചെങ്കിലും വീണ്ടും പുകയുയർന്നു. തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സെത്തി തീപൂർണമായും അണച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് കമുകിൻകോട്- അടിമലത്തുറ റൂട്ടിലേക്ക് പോയ ബസാണ് തീപിടിച്ചത്. മുൻഭാഗത്തെ ഇടതുവശത്തെ ടയറിന്റെ പിൻഭാഗത്തുള്ള എൻജിനെയും ഡീസൽ ടാങ്കിനെയും ബന്ധിപ്പിക്കുന്ന പൈപ്പിലാണ് തീപിടിച്ചതെന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു. അസി. സ്‌റ്റേഷൻ ഓഫീസർമാരായ എങ്കൽസ്, ജസ്റ്റിൻ, സേനാംഗങ്ങളായ രാജീവ്, ആർ.ഷിജു, ആർ.ജി.ഷിജു, സതീഷ് കുമാർ, സെൽവൻ, ഗോപകുമാർ, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.