binoy-viswam

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സി.പി.ഐയ്ക്ക് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിക്കുള്ളിൽ അത്തരമൊരു അഭിപ്രായം ഉയർന്നിട്ടില്ല. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ല. തോൽവിയിൽ സി.പി.എമ്മിനെ മാത്രം കുറ്റം പറയാനില്ല. എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. സ്വന്തം കുറവുകൾ നികത്താൻ സി.പി.എമ്മും സി.പി.ഐയും ശ്രമിക്കണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും പഠിക്കണം. തിരുത്തേണ്ടത് തിരുത്തണം. എല്ലാ കാര്യങ്ങളും മനസിലാക്കിയാണ് സി.പി.എം രാജ്യസഭാ സീറ്റ് തന്നത്. അതിലേക്ക്

താൻ പറഞ്ഞതടക്കം എല്ലാ പേരുകളും സി.പി.ഐ നേതൃയോഗത്തിൽ പരിഗണിച്ചു. നാല് സഖാക്കളൊഴികെ എല്ലാവരും താൻ പറഞ്ഞ പേര് തന്നെ പറഞ്ഞു. ചർച്ചകളെ പാർട്ടി ഭയപ്പെടാൻ പാടില്ല. എന്നാൽ അത് മാദ്ധ്യമങ്ങൾക്ക് ചോർത്തുന്നത് വഞ്ചനാപരമാണ്. സി.പി.ഐയിൽ ഗ്രൂപ്പുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന മാദ്ധ്യമങ്ങൾക്ക് കരുക്കൾ നീക്കിക്കൊടുത്ത ചില സഖാക്കൾ പാർട്ടി രാജ്യസഭാ സീറ്റിലൂടെ നേടിയ രാഷ്ട്രീയ വിജയത്തെപ്പറ്റി മിണ്ടുന്നില്ല.

വയനാട്ടിൽ ഇടതുപക്ഷത്തിന് പ്രസക്തിയുണ്ടെന്നും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന പാർട്ടിക്ക് ക്ഷേമപെൻഷൻ കുടിശിക കുന്നുകൂടുമ്പോൾ നോക്കിയിരിക്കാനാവില്ല. പാർട്ടി നേതൃത്വത്തിന് എടുത്തുചാട്ടമാണെന്ന് പറയുന്ന സി.ദിവാകരൻ കണ്ണാടി നോക്കിയാൽ എവിടെയാണ് പാളിച്ച പറ്റിയതെന്ന് അദ്ദേഹത്തിന് മനസിലാവും.