
കായംകുളം: സ്വത്ത് തർക്കത്തെത്തുടർന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷംവീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഷാജഹാനെ (41) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു.സംഭവം. കുടുബവീടിനടുത്ത് വാടകക്ക് താമസിക്കുന്ന ഷാജഹാൻ, സാദിഖ് താമസിക്കുന്ന കുടുബവീട്ടിൽ മദ്യപിച്ചെത്തി സ്വത്തിന്റെ ഓഹരി ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ ഷാജഹാൻ കത്തി എടുത്ത് കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഇരുവരും ഡ്രൈവർമാരാണ്. വിവാഹ മോചിതനാണ് സാദിഖ്.