
തിരുവനന്തപുരം: എയർ ഇന്ത്യ സമരം കാരണം കുടുംബത്തെ അവസാനമായി ഒരുനോക്കു കാണാനാകാതെ പ്രവാസി നമ്പി രാജേഷ് (40) മരിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും സഹായഹസ്തം നീട്ടാതെ വിമാന കമ്പനി അധികൃതർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കണ്ട് വിഷമാവസ്ഥ അവതരിപ്പിച്ച രാജേഷിന്റെ കുടുംബം നിസഹായരായി ചോദിക്കുന്നു 'ഇനി ഞങ്ങൾ ആരെയാണ് കാണേണ്ടത്...'?അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യയ്ക്ക് രേഖകൾ സഹിതം പരാതി നൽകിയിട്ടും സാവകാശം വേണമെന്ന മെയിൽ അല്ലാതെ മറ്റ് നടപടികളൊന്നുമില്ല. 'ഡാഡി എന്താ വരാത്തെ...വല്ലാണ്ട് മിസ് ചെയ്യുന്നുണ്ട്...'എന്ന് ഒന്നാം ക്ലാസുകാരിയായ മകൾ അനികയും എൽ.കെ.ജി വിദ്യാർത്ഥിയായ മകൻ ശൈലേഷും ചോദിക്കുമ്പോൾ രാജേഷിന്റെ ഭാര്യ അമൃത തേങ്ങലടക്കും. പി.ആർ.എസ് കോളേജിലെ നഴ്സിംഗ് രണ്ടാംവർഷ വിദ്യാർത്ഥിയാണ് അമൃത. മധുര സ്വദേശിയായ രാജേഷ് കുടുംബവുമൊത്ത് കരമന നെടുങ്കാടുള്ള വാടകവീട്ടിലായിരുന്നു താമസം. സ്വന്തം വീടെന്ന ആഗ്രഹത്തോടെയാണ് രാജേഷ് മസ്കറ്റിലേയ്ക്ക് പോയത്.
നാൾവഴി
മേയ് 7-മസ്കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണു
8-ഭർത്താവിനെ കാണാൻ അമൃതയും മാതാവ് ചിത്രയും രാവിലത്തെ എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം സർവീസുകൾ റദ്ദാക്കിയത് അറിയുന്നത്. പിറ്റേന്നത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കമ്പനി പറഞ്ഞെങ്കിലും നടന്നില്ല.
13-മസ്കറ്റിൽ ചികിത്സയിലിരിക്കെ രാജേഷ് മരിച്ചു
15-മൃതദേഹം നാട്ടിലെത്തിച്ചു. ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ കുടുംബം മൃതദേഹവുമായി പ്രതിഷേധിച്ചു. മന്ത്രി വി. ശിവൻകുട്ടി വീട്ടിലെത്തി കുടുംബത്തെ കണ്ടു
20-നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർ ഇന്ത്യയ്ക്ക് കുടുംബം മെയിൽ അയച്ചു
21- മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി
25-പ്രശ്നം പരിഹരിക്കാൻ സാവകാശം വേണമെന്ന് എയർ ഇന്ത്യ പ്രതികരിച്ചു
27-കുടുംബം വി.ഡി. സതീശനെ കണ്ടു
മേയ് 29- ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു