kerala-secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെത്തുന്ന സന്ദർശകർക്കുള്ള സമയം വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയാക്കി. ഈ സമയം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സന്ദർശിക്കാം. സെക്രട്ടേറിയറ്റിലും രണ്ട് അനക്‌സ് കെട്ടിടങ്ങളിലും ഒരുക്കിയിരിക്കുന്ന മൂന്ന് ഫെസിലിറ്റേഷൻ സെന്ററുകളിൽ നിന്ന് പാസെടുക്കാം. സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ്, സൗത്ത് ഗേറ്റുകൾ, അനക്‌സ് 1 എന്നിവിടങ്ങളിലാണ് ഫെസിലേറ്റഷൻ സെന്ററുള്ളത്. രണ്ട് അനക്‌സുകളിലേക്കുമുള്ള പാസ് ഒന്നാമത്തെ അനക്സിൽ നിന്നാണ് നൽകുന്നത്.

സന്ദർശന സമയം വൈകിട്ട് മൂന്ന് മുതലാണെങ്കിലും രാവിലെയും ഉച്ചയ്‌ക്കുമൊക്കെ സെക്രട്ടേറിയറ്റിൽ സന്ദർശകർ എത്താറുണ്ട്. ഇവർ ഫെസിലേറ്റഷൻ സെന്ററിലെത്തുമ്പോൾ കാണേണ്ട വ്യക്തിയുടെ ഓഫീസിൽ നിന്ന് പ്രത്യേകാനുമതി വാങ്ങണം. അടിയന്തര സാഹചര്യങ്ങളിലേ ഇത്തരത്തിൽ അനുമതി നൽകാറുള്ളൂ.

പാസ് എടുക്കേണ്ടത് ഇങ്ങനെ

 ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരെയാണ് കാണേണ്ടതെന്ന് അറിയിക്കണം

 സെന്ററിലെ ഉദ്യോഗസ്ഥൻ പേരും വിവരങ്ങളും രേഖപ്പെടുത്തും

 സന്ദർശകന്റെ മുഖം സ്‌കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സൂക്ഷിക്കും

 അതിനുശേഷം പാസ് നൽകും

 കാണേണ്ടത് ആരെയാണെന്ന് പാസിലുണ്ടാകും

 പാസുമായെത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധിച്ച് കടത്തിവിടും