
തിരുവനന്തപുരം: കണ്ണൂർ ഡി.സി.സി ഓഫീസിൽ പലതരം ബോംബുകൾ പ്രദർശിപ്പിച്ച സംഭവമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ മുന്നിലായിരുന്നു ഈ പ്രദർശനം. പുക മാത്രമുള്ളത്, ഉഗ്ര സ്ഫോടനം നടക്കുന്നത് ഇങ്ങനെ തരംതിരിച്ചായിരുന്നു നാലിനം ബോംബുകൾ പ്രദർശിപ്പിച്ചത്. കണ്ണൂരിൽ നിലവിൽ സമാധാനപരമായ അന്തരീക്ഷമാണുള്ളതെന്നും സണ്ണിജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേ മുഖ്യമന്ത്രി പറഞ്ഞു. തലശേരി സഹകരണ ആശുപത്രിയിൽ കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്നില്ലെന്നും പറഞ്ഞു.
മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരനല്ലല്ലോ: കെ.സുധാകരൻ
തലശേരിയിലെ ബോംബ് സ്ഫോടനത്തിൽ വിവാദ പരമാർശവുമായി കെ.പി.സി.സി പ്രസിഡന്റും നിയുക്ത കണ്ണൂർ എം.പിയുമായ കെ.സുധാകരൻ.എരഞ്ഞോളി കൂടക്കളത്ത് തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തെക്കുറിച്ച് കണ്ണൂർ ഡി.സി.സി ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചപ്പോഴാണ് മരണത്തെ നിസാരമായി ചിത്രീകരിച്ചു കൊണ്ടു സുധാകരൻ സംസാരിച്ചത്.
വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ വ്യക്തമാക്കി.