
തിരുവനന്തപുരം: ചെന്നൈ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിൽ അഡിഷനൽ റജിസ്ട്രാർ ഡോ.രാജേഷ് ചന്ദ്രൻ (44)നിര്യാതനായി. ചെന്നൈയിലെ താമസസ്ഥലത്തു വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വാഹനം ഓടിച്ച് ആശുപത്രിയിലെത്തിയെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മരണം. ചൊവ്വഴ്ച മൃതദേഹം തിരുവല്ലയിൽ എത്തിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കുറ്റൂരിലെ വീട്ടുവളപ്പിൽ. തിരുവല്ല കുറ്റൂർ താഴത്തുമലയിൽ ബാലചന്ദ്രൻനായരുടെയും സുധാമണിയുടെയും മകനാണ്. റെയിൽവെയിൽ എറണാകുളം ഏരിയമാനേജർ,തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ മാനേജർ,സ്റ്റേഷൻഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:ഡോ. രാഗി രാജഗോപാൽ(മാനസിക ആരോഗ്യ കേന്ദ്രം തിരുവനന്തപുരം). മക്കൾ: നിള, ഇഷാനി.
എം.ബി.ബി.എസ് പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ 2009ലാണ് രാജേഷ് സിവിൽ സർവീസ് നേടുന്നത്. 2018ലെ വെള്ളപ്പൊക്ക സമയത്ത് റെയിൽവേയുടെ സേനയെ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട്.