തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരംഭിച്ച ലൈബ്രറിയാണ് ഈ വായനാദിനത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയത്. മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരനായ കുമാരപുരം സ്വദേശി കണ്ണന്റെ മനസിലുദിച്ച ആശയമാണ് അധികൃതരുടെ പിന്തുണയോടെ ഒന്നരമാസം മുമ്പ് ഇവിടെ യാഥാർത്ഥ്യമായത്.
ആടുജീവിതം,മയ്യഴിപ്പുഴയുടെ തീരങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. ചെറു ബുക്ക് ഷെൽഫ്,മിനി അക്വേറിയം,അലങ്കാര ചെടികൾ,ചുമർ ചിത്രങ്ങൾ എന്നിവ കൊണ്ട് വ്യത്യസ്തമാണ് ഇവിടം. 25,000ത്തിലധികം രൂപ ചെലവായി. വെൾഡർ കൂടിയായ കണ്ണൻ സ്വന്തമായി ചെടികൾ സ്ഥാപിക്കാനുള്ള റാക്ക് നിർമ്മിച്ചു. ഡോക്ടർമാരും മറ്റു സാമൂഹിക പ്രവർത്തകരും പൊലീസുകാരും പുസ്തകങ്ങൾ നൽകി.
നാലരവർഷമായി ഇവിടെ ജോലി ചെയ്യുകയാണ് കണ്ണൻ. ആശുപത്രി സ്റ്റാഫുകളും പൊലീസുകാരും ആംബുലൻസ് ഡ്രൈവർമാരും മൃതദേഹം ഏറ്റുവാങ്ങിക്കാൻ നിൽക്കുന്നവരുമാണ് കൂടുതലായി ഇവിടെ നിന്ന് പുസ്തകങ്ങൾ വായിക്കുന്നത്. നോവലും കഥകളും കവിതകളും അടങ്ങുന്ന മുന്നൂറിലധികം പുസ്കങ്ങൾ ഇവിടെയുണ്ട്. ലൈബ്രറി വിപുലീകരിക്കണമെന്നാണ് കണ്ണന്റെ ആഗ്രഹം.