തിരുവനന്തപുരം: അപസ്മാര രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാർജന്റുമാർ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെ വട്ടംചുറ്റിച്ച് അധികൃതർ. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ പലവട്ടം നിർദ്ദേശം നൽകിയെങ്കിലും അനങ്ങാനെ ആശുപത്രിയിലെ സുരക്ഷാവിഭാഗം അധികൃതർ. ദൂരെ നിന്നുള്ള വ്യക്തമാകാത്ത ചില ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്. അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് രോഗിയായ ശ്രീകുമാറിനെ പിടികൂടിയതെന്നാണ് പരാതിയിൽ ഉൾപ്പെടെ സാർജന്റുമാർ ആരോപിക്കുന്നത്. എന്നാൽ ഇനിയും ദൃശ്യങ്ങൾ ഹാജരാക്കാത്തതിനാൽ ആരോപണങ്ങൾ സംശയനിഴലിലാണ്.
മർദ്ദനമേറ്റ ശ്രീകുമാറിന്റെ പരാതിയിൽ സസ്‌പെൻഷനിലുള്ള സാർജന്റ് ജുറൈജിന് മെഡിക്കൽ കോളേജ് പൊലീസ് നോട്ടീസ് നൽകി. ചോദ്യംചെയ്യലിന് ഹാജരാകാനാണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.
ആശുപത്രിയിൽ രോഗിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശ്രീകുമാറിന്റെ പരാതിയിൽ സാർജന്റിനെതിരെയും സാർജന്റുമാരുടെ പരാതിയിൽ ശ്രീകുമാറിനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ ചൊല്ലി സാർജന്റുമാർ തമ്മിലടിച്ചതിനും ഇരുകൂട്ടരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
സാർജന്റുമാരുടെ പരാതിയിൽ ആരോഗ്യപ്രവർത്തക സംരക്ഷണ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാൽ സി.സി ടിവി ദൃശ്യങ്ങൾ ഹാജരാക്കാത്തതിനാൽ തുടർനടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. തർക്കങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ രോഗി അക്രമം കാട്ടിയതിന് പ്രാഥമികമായി സൂചനയില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആശുപത്രിയിൽ അമർഷം
മർദ്ദനത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ടിൽ ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് ഉൾപ്പെടെ വീഴ്ച സംഭവിച്ചതായി പരാമർശം ഉണ്ടായിരുന്നെങ്കിലും ഒരു സാർജന്റിനെ മാത്രം ബലിയാടാക്കിയെന്നാണ് ജീവനക്കാർക്കിടയിലെ അമർഷം. സുരക്ഷാ ജീവനക്കാർക്ക് പുറമേ മറ്റു വിഭാഗങ്ങളിലും വിഷയം സജീവ ചർച്ചാവിഷയമാണ്. ഒരുവിഭാഗം സുരക്ഷാ ജീവനക്കാർക്കെതിരെ ഡോക്ടർമാർക്കിടയിൽ നിന്നുൾപ്പെടെ എതിർപ്പുണ്ട്.