തിരുവനന്തപുരം: വ്യാജരേഖ ചമച്ച് 25ലേറെ പേർക്ക് പാസ‌്പോർട്ട് തരപ്പെടുത്തി നൽകിയ കേസിലെ മുഖ്യപ്രതിയായ തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അൻസിൽ അസീസിനെ സഹായിച്ചത് തലസ്ഥാനത്തെ ഇന്റലിജൻസ് സി.ഐയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷമേ ഇയാളെ ചോദ്യം ചെയ്യൂ.

കേസിൽ നേരത്തെ അറസ്റ്റിലായ കുളത്തൂർ മൺവിള സ്വദേശി പ്രശാന്തിന്റെ ബന്ധുവാണ് ഈ ഉദ്യോഗസ്ഥൻ. വിദേശത്ത് പോകാൻ അൻസിലിനെ സഹായിച്ചത് ഇയാളാണ്. ഒളിവിൽ കഴിയുന്ന അൻസിലിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കഴക്കൂട്ടം എ.സി.പി എൻ.ബാബുക്കുട്ടൻ പറഞ്ഞു.അൻസിൽ നടത്തിയ വിദേശയാത്രകളെക്കുറിച്ചും അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കഴക്കൂട്ടം സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷന്റെ ചുമതലയായിരുന്നു അൻസിലിന്.അന്ന് സി.ഐ അറിയാതെ സി.ഐയുടെ വ്യാജ സീലുണ്ടാക്കിയാണ് ഇയാൾ ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എ.സി.പി പറഞ്ഞു. കേസിൽ പ്രശാന്തിന് പുറമെ കൊല്ലം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54),കൊല്ലം ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ മൊയ്ദീൻകുഞ്ഞ് (65),മലയിൻകീഴ് സ്വദേശി കമലേഷ് (39),വർക്കല കണ്ണമ്പ നാദത്തിൽ സുനിൽകുമാർ (60),വട്ടപ്പാറ ആനി വില്ലയിൽ എഡ്വേഡ് (62) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.