തിരുവനന്തപുരം: ചാക്ക ആൾ സെയിന്റ്സ് കോളേജിനു സമീപം ബ്രഹ്മോസിനു മുന്നിലായി പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി അവസാനിക്കാൻ വൈകിയത് ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചു. ചാക്ക,​പാൽക്കുളങ്ങര,ശംഖുംമുഖം,​ആൾസെയിന്റസ് ഭാഗങ്ങളിലാണ് ജലവിതരണം മുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ 10 മുതലാണ് അറ്റകുറ്റപ്പണി നിശ്ചയിച്ചിരുന്നത്. ഇന്നലെ രാവിലെ ആറോടെ പണി പൂർത്തിയാക്കുമെന്നും ജല അതോറിട്ടി അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് മാത്രമാണ് പണി പൂർത്തിയായത്. ഇതോടെ രാവിലെ മുതൽ വെള്ളത്തിനായി ജനം നെട്ടോട്ടമോടി.

വാട്ടർ അതോറിട്ടിയുടെ 400 എം.എം പ്രിമോ പൈപ്പ്‌‌ലൈനിലാണ് പൊട്ടലുണ്ടായത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ റോഡ് പണിക്കിടെയാണ് പൈപ്പ് പൊട്ടിയത്. കെ.ആർ.എഫ്.ബി ഓട പണിതപ്പോൾ അത് പൈപ്പിന് മുകളിലായതാണ് വിനയായത്. പണികൾക്കിടെ കാലപ്പഴക്കം ചെന്ന പൈപ്പിന്റെ രണ്ടുമീറ്ററോളം കേടായി. തുടർന്ന് കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചു.എന്നാൽ പിന്നീട് ഇത് പൊട്ടിപ്പോവുകയായിരുന്നു. വെൽഡിംഗിനായി ജല അതോറിട്ടി ബാരൽ അടക്കം തയ്യാറാക്കിയിരുന്നു. എന്നാൽ പൈപ്പ് ക്രമമില്ലാതെ പൊട്ടിയതോടെ ഇത് പുനർനിർമ്മിക്കേണ്ടിവന്നു. ഇത് വെൽഡ് ചെയ്ത് ചേർക്കാനും ഏറെ സമയം വേണ്ടിവന്നു. ഇതാണ് പണികൾ വൈകാൻ ഇടയാക്കിയത്.

ജലഅതോറിട്ടിയുടെ അറിയിപ്പിനെ തുടർന്ന് ജനങ്ങൾ കുടിവെള്ളം ശേഖരിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെയോടെ അത് തീർന്നു.ഇതോടെ സ്കൂളിൽ പോകാനുള്ള വിദ്യാർത്ഥികളും ഓഫീസിലും മറ്റും പോകാനുള്ളവരും ഏറെ ബുദ്ധിമുട്ടി. രാത്രിയോടെ പമ്പിംഗ് തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ, പലയിടത്തും ജലവിതരണം പൂർവസ്ഥിതിയിലായിട്ടില്ല. ഇന്ന് രാത്രിയോടെ ജലവിതരണം പൂർവാവസ്ഥയിലാകുമെന്നാണ് കരുതുന്നത്.