
നെടുമങ്ങാട്: വഴക്കിനിടെ ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മരുമകനെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. മഞ്ച സ്വദേശി സുനിൽകുമാറാണ് (55) കൊല്ലപ്പെട്ടത്.
കഴിഞ്ഞ 10ന് വൈകിട്ട് വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ മകളുടെ ഭർത്താവായ ചീരാണിക്കര അഭിലാഷ് ഭവനിൽ ടി.അഭിലാഷിന്റെ (41) മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ സുനിൽകുമാർ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഫോറൻസിക് സർജന്റെ പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണ കാരണം മർദ്ദനത്തിലേറ്റ പരിക്കുകളാണെന്ന് വ്യക്തമായി.
തറയിലിട്ട് നെഞ്ചത്തും പുറത്തും ചവിട്ടിയതിനെ തുടർന്ന് സുനിൽകുമാറിന്റെ വാരിയെല്ലുകൾ തകർന്നിരുന്നു. അവശനായി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ അമ്മാവന് സഹായിയായി അഭിലാഷും പോയിരുന്നു. സുനിലിന്റെ മരണത്തെ തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഭിലാഷിന്റെ പങ്ക് കണ്ടെത്തിയത്. ആർക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു അഭിലാഷിന്റെ പെരുമാറ്റം.
അഭിലാഷിന്റെ ഗ്യാസ് സിലിണ്ടർ അനുവാദമില്ലാതെ എടുത്തു വിറ്റെന്ന പേരിലാണ് അമ്മാവനെ ക്രൂരമായി മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി ബി.ഗോപകുമാറിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ അനീഷ്.ബി, എസ്.ഐ രവീന്ദ്രൻ, എസ്.ഐ രജിത്ത്.എസ്,സി.പി.ഒമാരായ ബിജു.സി, ദീപ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.