തിരുവനന്തപുരം: സ്വീവേജ് ലൈൻ ഇല്ലാത്ത പ്രദേശത്ത് കുടിവെള്ള ബില്ലിനൊപ്പം ഉപഭോക്താക്കളിൽ നിന്ന് സ്വീവേജ് തുക കൂടി ഈടാക്കുന്നതായി പരാതി. എയർപോർട്ടിനു സമീപത്തെ പരക്കുടി റസിഡന്റ്സ് അസോസിയേഷനിലെ 120 കുടുംബങ്ങൾക്കാണ് ജല അതോറിട്ടി ഇരുട്ടടി നൽകിയത്.
ഏപ്രിൽ മുതലാണ് ഈ പകൽക്കൊള്ള ആരംഭിച്ചത്. ഈ മേഖലയിൽ ജല അതോറിട്ടി സ്വീവേജ് ലൈനില്ല. 40 രൂപ മുതൽ ജലത്തിന്റെ ഉപഭോഗം അനുസരിച്ചാണ് സ്വീവേജ് തുക നൽകേണ്ടത്. 25 കിലോലിറ്റർ വരെ ബില്ലിന്റെ 10 ശതമാനം, അതിനുമുകളിൽ 30 ശതമാനം, 50 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. ഇതിനെതിരെ പരാതിപ്പെട്ടപ്പോൾ ഓരോരുത്തരും അപേക്ഷ നൽകാനാണ് ജല അതോറിട്ടി അധികൃതർ നിർദ്ദേശിച്ചതെന്ന് റഡിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ.എം.ജയമോഹൻ പറഞ്ഞു. ഇതുപ്രകാരം അസോസിയേഷൻ താമസക്കാരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കുകയാണ്.
നിരക്ക് നൽകുന്നത് ജല അതോറിട്ടി
ജല അതോറിട്ടിയുടെ പബ്ളിക് ഹെൽത്ത് വിഭാഗമാണ് ഡ്രെയിനേജ് നിരക്ക് ഈടാക്കുന്നത്. സോഫ്‌റ്റ്‌വെയറിലെ തകരാറായിരിക്കാം കാരണമെന്ന് ജല അതോറിട്ടി വൃത്തങ്ങൾ പറയുന്നു. പരക്കുടി ലെയിനിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.