
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രണ്ട് അപകടങ്ങളിലായി ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ഒന്നരയോടെയുണ്ടായ ആദ്യ അപകടത്തിലാണ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായത്. വള്ളത്തിന്റെ എൻജിൻ,വല,മീൻ എന്നിവയെല്ലാം നഷ്ടമായി.16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
വെളുപ്പിന് 5.30ഓടെയാണ് രണ്ടാമത്തെ അപകടം. മത്സ്യബന്ധനത്തിനായി പോകുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം കീഴ്മേൽ മറിയുകയായിരുന്നു. അഞ്ചുതെങ്ങ് തോണിക്കടവ് സ്വദേശി സ്റ്റാലിന് (52) പരിക്കേറ്റു. ഇയാളുടെ കൈയ്ക്കാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള പത്രോസ് ശ്ലീഹാ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ മറൈൻ എൻഫോഴ്സ്‌മെന്റ് റെസ്ക്യൂ ബോട്ടിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും ലഭ്യമായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മുതലപ്പൊഴിയിൽ ഈ വർഷം നടക്കുന്ന മൂന്നാമത്തെ മരണവും പതിമ്മൂന്നാമത്തെ അപകടവുമാണിത്.
ഇന്ന് സമരസംഗമം
വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പെരുമാതുറയിൽ ഇന്ന് വൈകിട്ട് 4ന് സമരസംഗമം സംഘടിപ്പിക്കും. അധികാരികളുടെ അനാസ്ഥമൂലം മുതലപ്പൊഴി മരണപ്പൊഴിയായി മാറി. 2006ൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായശേഷം ഇതുവരെ എണ്ണമറ്റ അപകടങ്ങളിൽ 70ലേറെ മത്സ്യത്തൊഴിലാളികൾ മരിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പരിഹാരം ആവശ്യപ്പെട്ടാണ് സമരസംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തിൽ വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
ശവപ്പെട്ടിയുമായി നിയമസഭാ മാർച്ച്
തിരുവനന്തപുരം: അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണംമൂലം അപകടമരണങ്ങൾ പതിവാകുമ്പോൾ സുരക്ഷയുറപ്പാക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ (കെ.എൽ.സി.എ) നേതൃത്വത്തിൽ ശവപ്പെട്ടിയുമായി നിയമസഭയിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാ.യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. അപകടങ്ങൾ പതിവാകുന്നതും തുടർമരണങ്ങൾക്ക് വഴിയൊരുക്കുന്നതും സർക്കാരിന്റെ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ ഒത്തുകളിക്കുകയാണ്. നിയമസഭ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. നിയമസഭയ്ക്കു സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണയിൽ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസി, പാട്രിക് മൈക്കിൾ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിൻസി ബൈജു, നൈജു അറയ്ക്കൽ, അഡ്വ. ജസ്റ്റിൻ കരിപാട്ട്, സാബു കാനക്കാപള്ളി, ജോസഫ്‌കുട്ടി കടവിൽ, അനിൽ ജോസ്, ഫാ.തോമസ് തറയിൽ,വിൽഫ്രഡ്, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി,ഫാ.മൈക്കിൾ തോമസ്,ഫാ.ലൂസിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.