
തിരുവനന്തപുരം:തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഇന്ന് സ്കൂൾ ലീഡറിനെ തിരഞ്ഞെടുക്കുന്നത് പൂർവവിദ്യാർത്ഥികളായ ഹേമന്തും അഭിഷാഭും വികസിപ്പിച്ച കാസ്റ്റ്‌എവേ ആപ്പിന്റെ സഹായത്തോടെയാവും. സ്കൂളിൽ വച്ച് ഇരുവരും ഇതിനായി രണ്ടുവർഷത്തോളം പരിശ്രമിച്ചു.കഴിഞ്ഞവർഷം പഠിച്ചിറങ്ങിയപ്പോൾ തിരഞ്ഞെടുപ്പിനായി ചെറിയൊരു വെബ്സൈറ്റ് വികസിപ്പിച്ചു.ഇക്കുറി ആൻഡ്രോയ്ഡിലും ഐഫോണിലും ഉപയോഗിക്കാവുന്ന തരത്തിൽ ആപ്പ് റെഡിയാക്കി.പത്ത് വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്ന് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള 4200 കുട്ടികളാണ് സമ്മതിദായകർ.ആകെ എട്ട് പോളിംഗ് ബൂത്തുകൾ.പോളിംഗ് ബൂത്തായ ഓരോ ക്ലാസിലും ഒരു ടാബ് ഉണ്ടാകും. ഇ.വി.എമ്മിന് സമാനമായി ടാബിൽ സ്ഥാനാർത്ഥികളുടെ പേര് കാണും. വൈഫൈ ഉപയോഗിച്ച് ടാബ്, പോളിംഗ് ഓഫീസറുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത കാസ്റ്റ്എവേ ആപ്പുമായി ബന്ധിപ്പിക്കും.ഒരാൾ വോട്ട് ചെയ്ത് തീരുമ്പോൾ ടാബിലെ സ്ക്രീൻ ലോക്കാകും. അപ്പോൾ ആപ്പിൽ നിന്ന് ബസർ ശബ്ദം കേൾക്കും.തുടർന്ന് അടുത്ത കുട്ടിയെത്തുമ്പോൾ സ്ക്രീൻ അൺലോക്ക് ആവും. എത്ര കുട്ടികൾ വോട്ട് ചെയ്തു,ഏതൊക്കെ സമയത്ത് ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിലൂടെ കണ്ടെത്താം. ഒരാൾ ഒന്നിലധികം വോട്ട് ചെയ്താൽ അതും അറിയാനാവും. ചുമതല വഹിക്കുന്ന അദ്ധ്യാപകർക്ക് വോട്ടുകൾ കൂട്ടി,ഫലം കണ്ടുപിടിക്കാനും സഹായിക്കും.
ഐ.ടി മോഹം
ഹേമന്ത് ഇപ്പോൾ ക്രിസ്തുജയന്തി കോളേജിൽ ബി.സി.എ വിദ്യാർത്ഥിയാണ്.അഭിഷാഭ് .എസ്.ആർ കോളേജിൽ ബി.ടെക്കിന് പഠിക്കുന്നു.ഇരുവരും ശാസ്തമംഗലം സ്വദേശികളാണ്.ഐ.ടി രംഗത്ത് കണ്ടുപിടിത്തങ്ങൾ നടത്തുകയെന്നതാണ് ഇരുവരുടെയും ലക്ഷ്യം.കാസ്റ്റ്എവേ ആപ്പിൽ കൂടുതൽ സേവനങ്ങൾ കൊണ്ടുവന്നാൽ,റസിഡന്റ്സ് അസോസിയേഷനുകൾ,ബാങ്കുകൾ,ഓഫീസുകൾ എന്നിവിടങ്ങളിലും കുറഞ്ഞ ചെലവിൽ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഇവർ പറയുന്നു.