ശംഖുംമുഖം: രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജുകൾ കൺവേയർബെൽറ്റിൽ നിന്നും ട്രോളിയിലൂടെ പുറത്തേക്ക് എത്തിക്കുന്ന ട്രോളി ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തി എയർകസ്റ്റംസ്. വിമാനത്തിൽ നിന്ന് കസ്റ്റംസ് സ്‌കാനറിലൂടെ കൺവേയർബെൽറ്റിൽ എത്തുന്ന ലഗേജുകളിൽ ഡ്യൂട്ടി വെട്ടിക്കുന്ന സാധനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ അന്നത്തെ കോഡ് പ്രകാരമുള്ള മാർക്കിംഗ് ലഗേജുകളിൽ ചെയ്യും. അതിലൂടെ യാത്രക്കാർ ഈ ലഗേജുകൾ എടുത്ത് നീങ്ങുമ്പോൾ പരിശോധനയ്ക്ക് നിൽക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇത് കാണാനാകും. എന്നാൽ മാർക്കിംഗ് സിഗ്നൽ അറിയാവുന്ന ട്രോളി ജീവനക്കാർ യാത്രക്കാരുടെ കൈയിൽ നിന്ന് പണം വാങ്ങി മാർക്കിംഗ് മറച്ച് ലെഗേജുകൾ പുറത്തെത്തിക്കുന്നതായി കണ്ടെത്തിയതോടെയാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
രണ്ട് സ്വകാര്യകമ്പനികൾക്കാണ് ഇതിനായി വിമാനത്താവള നടത്തിപ്പുകാർ കരാർ നൽകിയിരിക്കുന്നത്. 600 രൂപ അടച്ചാണ് ട്രോളി സേവനം യാത്രക്കാർ ഉപയോഗിച്ചിരുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ള യാത്രക്കാർക്ക് വീൽചെയർ സംവിധാനങ്ങൾ ഒരുക്കുന്ന ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗം ജീവനക്കാരും കൺവേയർബെൽറ്റിൽ നിന്ന് ലെഗേജുകൾ എടുക്കാൻ പാടില്ലെന്നും യാത്രക്കാർ മാത്രമേ ലെഗേജുകൾ എടുക്കാൻ പാടുള്ളൂവെന്ന നിർദ്ദേശവും നൽകി.