
മുടപുരം: തുടർച്ചയായുള്ള മഴയിൽ പൊട്ടിപ്പൊളിഞ്ഞ് മുടപുരം-മുട്ടപ്പലം റോഡ്. കിഴുവിലം, അഴൂർ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുടപുരം-മുട്ടപ്പലം റോഡ് അടിയന്തരമായി റീ ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ കുന്നുവിള ഭാഗമാണ് കൂടുതൽ പൊളിഞ്ഞുകിടക്കുന്നത്. വർഷങ്ങളായി ഇവിടെ ടാറും മെറ്റലുമിളകി തകർന്നിട്ടും റീടാർ ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല.
കിഴുവിലം പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ മുടപുരത്തുനിന്ന് ആരംഭിച്ച് അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ എത്തിച്ചേരുന്ന റോഡാണിത്. ചിറയിൻകീഴ് -കോരാണി, അഴൂർ-ശാസ്തവട്ടം എന്നീ രണ്ടു പി.ഡബ്ലിയു.ഡി റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
മുടപുരം-മുട്ടപ്പലം റോഡ്
ഏഴ് സ്വകാര്യ ബസുകളും മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്ന ഈ റോഡിൽ ധാരാളം സ്‌കൂൾ കോളേജ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഒട്ടേറെ ആരാധനാലയങ്ങൾ, മുടപുരം ഗവ.യു.പി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ റോഡരികിൽ സ്ഥിതിചെയ്യുന്നു. ഈ റോഡിന്റെ മദ്ധ്യഭാഗത്തുനിന്നാണ് കോളിച്ചിറ വഴി ചിറയിൻകീഴിലേക്ക് പോകുന്ന റോഡ്.
മുൻപ് പൂർത്തിയാക്കിയത് വീണ്ടും നശിക്കുന്നു
2020ൽ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ ജില്ലാപഞ്ചായത്തിൽ നിന്ന് 28 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന്റെ പകുതിഭാഗം മുടപുരം ജംഗ്ഷൻ മുതൽ തെങ്ങുംവിള കലുങ്ക് വരെയുള്ള ഭാഗം ടാർ ചെയ്തത്. ബാക്കിഭാഗം മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷൻ വരെയുള്ളത് ഹാർബർ എൻജിനിയറിംഗ് വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ടാർ ചെയ്തത്. എന്നാൽ ഇപ്പോൾ റോഡിന്റെ പല ഭാഗങ്ങളിലും ടാറും മെറ്റലുമിളകി ഗട്ടറുകൾ രൂപപ്പെട്ടിട്ടുണ്ട്.
അപകടം പതിവാകുന്നു
കുന്നുവിള ഭാഗത്ത് ടാറും മെറ്റലുമിളകി കുഴുകൾ ഉണ്ടായതിനാൽ മഴവെള്ളം കെട്ടിക്കിടന്ന് വാഹന കാൽനട യാത്ര ദുഷ്കരമായിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. നേരത്തെ ഈ റോഡിന്റെ നിർമാണ വികസന പ്രവർത്തനസമയത്ത് കുന്നിടിച്ചാണ് കുന്നുവിള ഭാഗത്ത് റോഡ് നിർമ്മിച്ചത്. അതിനാൽ ചെളി കലർന്ന മണ്ണാണിവിടെ. അതുകൊണ്ട് മഴപെയ്താൽ പെട്ടെന്ന് റോഡ് തകരുന്ന അവസ്ഥയാണ്.
ഓട നിർമ്മിച്ചെങ്കിലും
റോഡിനു മുകളിൽ മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ മുൻപ് ജില്ലാ പഞ്ചായത്ത് ഓടനിർമ്മിക്കാൻ 50 ലക്ഷം രൂപ തുക അനുവദിച്ചെങ്കിലും നിർമ്മാണം പാതിവഴിയിൽ മുടങ്ങി. പിന്നീട് ഓട നിർമ്മിക്കുകയും കുന്നുവിള ഭാഗത്ത് റോഡിന്റെ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്യുകയുമുണ്ടായി. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ റോഡ് ഉടൻ റീടാർ ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്. റോഡ് ഉടൻ റീടാർ ചെയ്തില്ലെങ്കിൽ റോഡിന്റെ കുന്നുവിള ഭാഗമെങ്കിലും അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്യണം.
------------------------------------------------------
മുടപുരം -മുട്ടപ്പലം റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാകാൻ എം.എൽ.എയോ ജില്ലാ പഞ്ചായത്തോ ഫണ്ട് അനുവദിക്കേണ്ടത് അടിയന്തരാവശ്യമാണ്. അതിനായി നിവേദനം നൽകിയിട്ടുണ്ട്
പി.പവനചന്ദ്രൻ, കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ
ടാറും മെറ്റലുമിളകി തകർന്നുകിടക്കുന്ന മുടപുരം-മുട്ടപ്പലം റോഡിന്റെ കുന്നുവിള ഭാഗം