തിരുവനന്തപുരം: സാമൂഹികനന്മയ്ക്കുവേണ്ടിയുള്ള ചിഹ്നങ്ങൾ സ്ഥാപിച്ച മഹാപ്രതിഭയാണ് സ്വാതിതിരുനാളെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സ്വാതിതിരുനാൾ സംഗീത കോളേജിലെ സ്വാതിതിരുനാൾ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാപ്രതിഭയുടെ പ്രതിമ കേരളത്തിൽ ഒരിടത്തുമില്ലെന്നിരിക്കെയാണ് പ്രതിമ നിർമ്മിക്കാനാഗ്രഹിച്ചത്. സംഗീത കോളേജിലെ അദ്ധ്യാപകരുടെ സഹകരണത്തോടുകൂടിയാണ് ഇത് സാധിച്ചത്. കേരളത്തിൽ നിന്ന് ബി.ജെ.പിയുടെ ആദ്യ ലോക്‌സഭാ പ്രതിനിധിയായി തിങ്കളാഴ്ച സത്യപ്രജ്ഞ ചെയ്യുകയാണ്. അതിനുമുമ്പ് സ്വാതിതിരുനാളിന്റെ പ്രതിമയിൽ ഹാരാർപ്പണം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നതായും സുരേഷ് ഗോപി പറഞ്ഞു.

രാജ്യസഭാ എം.പിയായിരുന്ന കാലത്ത് സുരേഷ് ഗോപി നൽകിയ അഞ്ചുലക്ഷവും സംഗീതകോളേജിലെ 30 അദ്ധ്യാപകർ സ്വരൂപിച്ച മൂന്ന് ലക്ഷവും ചേർത്ത് എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് സംഗീത കോളേജിൽ സ്വാതിതിരുനാളിന്റെ പ്രതിമ സ്ഥാപിച്ചത്. പട്ടുനൂലുകൾകൊണ്ട് നെയ്ത വലിയ ഹാരം അണിയിച്ച ശേഷം പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. പ്രിൻസിപ്പൽ വീണ വി.ആർ, മുൻ പ്രിൻസിപ്പൽ ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.